67 വര്‍ഷം മുമ്പ് നാം ഇന്ത്യന്‍ ജനത പരമാധികാര ഇന്ത്യന്‍ റിപ്പബ്ലിക്കായി സ്വയം നിര്‍ണ്ണയിച്ചു. ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നിവയില്‍ അതിഷ്ഠിതമായിരുന്നു അന്ന് രൂപംകൊണ്ട ഭരണഘടന. ഒരു നൂറ്റാണ്ടുകാലത്തെ സ്വാതന്ത്ര്യസമരത്തിലൂടെയാണ് വൈവിധ്യത്തില്‍ ഏകത്വം രൂപമെടുത്തത്. ആ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ജാതി-മത ഭേദങ്ങള്‍ എപ്പോഴെല്ലാം മുന്‍കൈ നേടിയിട്ടുണ്ടോ അപ്പോഴെല്ലാം നമ്മുടെ മുന്നോട്ടുള്ള പ്രയാണം തിരിച്ചടി നേരിട്ടതായി കാണാം. നാനാത്വത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തെ ദേശസ്നേഹത്തിന്‍റെ ചിഹ്നമായി വ്യാഖ്യാനിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഇത്തരമൊരു നീക്കമാണ് ദേശീയതയെയും ദേശപ്രേമത്തെയും രാജ്യമൊട്ടാകെ വിവാദമാക്കിയിരിക്കുന്നത്. ജനാധിപത്യപരവും മതനിരപേക്ഷവും ബഹുസ്വരവും സമത്വാധിഷ്ഠിതവും അല്ലാത്തതും മതത്തിലും വിദ്വേഷത്തിലും അസഹിഷ്ണുതയിലും അതിഷ്ഠിതവുമായതുമായ ഒന്നാണ് ഇന്ന് ചിലര്‍ അവതരിപ്പിക്കുന്ന ദേശീയത. ഇതിനെ വേണമെങ്കില്‍ അതിദേശീയത എന്നു വിളിക്കാം. ഈ അതിദേശീയത രാജ്യത്തെ ഏകോപിപ്പിച്ചു മുന്നോട്ടു നയിക്കുന്ന ഒന്നല്ല. വിഭാഗീയതിയും വിഘടനവും സൃഷ്ടിക്കുന്ന ഒന്നാണ്. പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ അതിദേശീയത ഫാസിസത്തിലേക്കുള്ള വാതായനങ്ങളാണ്.

ദേശീയതയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ പാടിയത് – ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്നാണല്ലോ. എന്നാല്‍ ഈ കവിത വായിച്ച കേസരി ബാലകൃഷ്ണപിള്ള ഉന്നയിച്ച ചോദ്യം – അപ്പോള്‍ തൃശ്ശൂര്‍ എന്നുകേട്ടാലോ എന്നായിരുന്നു. കേസരി ഉന്നയിച്ച ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. 73, 74 -ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും എന്നപോലെ പ്രദേശത്തിനും ഭരണഘടനയില്‍ സ്ഥാനം ലഭിച്ചത്. ഈ അധികാര വികേന്ദ്രീകരണത്തെ ജനപങ്കാളിത്തപരമാക്കുന്നതിന് പ്രാതിനിധ്യ ജനാധിപത്യത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനാണ് ജനകീയാസൂത്രണത്തിലൂടെ കേരളത്തില്‍ ശ്രമിച്ചത്. തന്‍റെ അവസാന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുന്‍പ്രസിഡന്‍റ് കെ.ആര്‍ നാരായണന്‍ വിലയിരുത്തിയതുപോലെ ഗ്രാമസ്വരാജിന്‍റെ റിപ്പബ്ലിക്കിനെ യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പരീക്ഷണമായിരുന്നു ജനകീയാസൂത്രണം. 68 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഒരു സവിശേഷത ഈ മഹത്തായ ജനാധിപത്യ പരീക്ഷണത്തെ പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ത്താനുള്ള സംരംഭമാണ്.

ഇതിലൂടെ പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും മികവുറ്റതാക്കുന്നതിനും എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്ലഭക്ഷണവും നല്‍കുന്നതിനുമുള്ള അതിബൃഹത്തായ ജനകീയ ഇടപെടലിന് മുന്‍കൈ എടുത്തിരിക്കുകയാണ്. അതോടൊപ്പം അഭ്യസ്തവിദ്യരായ യുവതലമുറയുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ വലിയ തോതിലുള്ള പശ്ചാത്തല സൗകര്യകുതിപ്പിനും കേരളം തയ്യാറെടുക്കുകയാണ്. ഇത്തരമൊരു സമഗ്രവീക്ഷണത്തിന് കക്ഷി, ജാതി, മതഭേദമന്യേ മുഴുവന്‍ മലയാളികളും ഒന്നിക്കണമെന്നുള്ളതാണ് ഇത്തവണത്തെ റിപ്പബ്ലിക്ദിന സന്ദേശം.

Please follow and like us: