ഏതെങ്കിലും സ്വകാര്യവെബ്‌സൈറ്റുകളോ മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളോ ഉത്തരവാദിത്വമില്ലാതെ നൽകുന്ന നറുക്കെടുപ്പുഫലങ്ങൾ നോക്കി ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ്. അത്തരം സൈറ്റുകളിൽ വരുന്ന അബദ്ധങ്ങൾ ഭാഗ്യക്കുറിവകുപ്പിന്റെ തലയിൽ കെട്ടിവച്ച് അടിസ്ഥാനമില്ലാത്ത വാർത്തകൾ നൽകി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് മാദ്ധ്യമങ്ങളോടും വകുപ്പധികൃതർ അഭ്യർത്ഥിച്ചു.

പത്രങ്ങളിൽ കൃത്യമായി ഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനുംമുമ്പേ അറിയണമെന്നുള്ളവർ ലോട്ടറിവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ. ലൈവെന്നും മറ്റും അവകാശപ്പെട്ട് ചില സൈറ്റുകൾ ഫോണിലൂടെയും മറ്റും വിവരങ്ങൾ വിളിച്ചുപറഞ്ഞ് അപ്‌ലോഡ് ചെയ്യുകയാണ്. ഇക്കൂട്ടരാണു തെറ്റുകൾ വരുത്തുന്നത്. സംസ്ഥാനഭാഗ്യക്കുറി നറുക്കെടുപ്പ് ലൈവായി നൽകാൻ ആരെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോട്ടറിവകുപ്പിന്റെ ഔദ്യോഗിക സൈറ്റിനു സമാനമായ ലേ ഔട്ടിൽ തയ്യാറാക്കിയ ചില സൈറ്റുകളും മൊബൈൽ ഫോൺ ആപ്പുകളും തെറ്റായ ഫലങ്ങൾ പ്രസിദ്ധീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് വകുപ്പിന്റെയും സർക്കാരിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്നുവെന്നു കാട്ടി ഇത്തരം വ്യാജമാദ്ധ്യമങ്ങളെ തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും  ഡിസംബർ 30ന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

അയ്യായിരം രൂപ സമ്മാനം ലഭിക്കുന്ന നമ്പരുകളിൽ വ്യാപകമായ ക്രമക്കേട് എന്ന മട്ടിൽ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിൽ വന്ന വാർത്ത ഇത്തരത്തിൽ വ്യാജ വെബ്‌സൈറ്റിനെ ആശ്രയിച്ചതുകാരണം ലേഖകനു പറ്റിയ അബദ്ധവും അടിസ്ഥാനരഹിതവുമാണ്. ഇക്കാര്യം അപ്പോൾത്തന്നെ അധികൃതർ ലേഖകന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വാർത്ത പിൻവലിക്കാൻ കൂട്ടാക്കിയില്ല. ഇക്കാര്യം വിശദീകരിച്ചു പത്രപ്പരസ്യം നൽകുമെന്ന് അറിയിച്ചപ്പോൾ മാത്രമാണ് വാർത്ത പിൻവലിച്ചത്. ഈ വാർത്ത വന്നശേഷം ലോട്ടറി വിട്ടഴിക്കാൻ കഴിയാതായതായി ഏജന്റുമാർ വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു.

അങ്ങേയറ്റം സുതാര്യമായ രീതിയിലാണു സംസ്ഥാനഭാഗ്യക്കുറിയുടെ നറുക്കെടുപ്പു നടത്തുന്നത്. ശ്രീ ചിത്രാ ഹോമിൽ ദിവസവും പകൽ 3 30നാണു നറുക്കെടുപ്പ്. ജനപ്രതിനിധികൾ അദ്ധ്യക്ഷരും വിവിധരംഗങ്ങളിലെ പ്രമുഖർ അംഗങ്ങളുമായ ആറംഗ സമിതിയുടെ സാന്നിദ്ധ്യത്തിലാണു നറുക്കെടുക്കുക. യന്ത്രമാണു നറുക്കിടുന്നത്. ഫലത്തോടുകൂടിയ യന്ത്രത്തിന്റെ ഡിസ്‌പ്ലേ ബോർഡിന്റെ ഫോട്ടോ അപ്പപ്പോൾ എടുത്തു സൂക്ഷിക്കും. അതിൽ തെളിയുന്ന ഫലങ്ങൾ ഓരോ അംഗത്തിനും നൽകിയിട്ടുള്ള പ്രത്യേക ഫോമിൽ രേഖപ്പെടുത്തും. ഇതു കഴിഞ്ഞാൽ നറുക്കെടുപ്പു കാണാൻ പൊതുജനങ്ങൾക്കും അവസരം നൽകും.

തുടർന്ന് ഫലങ്ങൾ നറുക്കെടുപ്പുഫലം രേഖപ്പെടുത്തുന്ന പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും സമിതിയംഗങ്ങളുടെ പ്രൊഫോർമയുമായി ഒത്ഥുനോക്കുകയും ചെയ്യും. സമിതി ഇവ സാക്ഷ്യപ്പെടുത്തി ഒപ്പിട്ടുനൽകും. പിന്നീട് വകുപ്പിന്റെ സോഫ്റ്റ്‌വെയറായ ലിംസി(LIMS)ൽ ഔദ്യോഗികമായി ചേർക്കുകയും അപ്പോൾത്തന്നെ വകുപ്പിന്റെ ഔദ്യോഗികവെബ്‌സൈറ്റായ www.keralalotteries.comൽ അപ്‌ലോഡ് ചെയ്യുകയുമാണു ചെയ്യുന്നത്. ഇത് പത്രപ്പരസ്യമായി തയ്യാറാക്കി വീണ്ടും ഒത്തുനോക്കി കൃത്യമാണെന്നു ബോദ്ധ്യപ്പെട്ട് 13 പ്രമുഖ പത്രങ്ങൾക്കു നൽകുകയും പത്രത്തിൽ വന്നവ വീണ്ടും പരിശോധിക്കുകയും ചെയ്യും.

ഇത്ര കൃത്യതയോടു കുറ്റമറ്റ രീതിയിലുമാണു സംസ്ഥാനഭാഗ്യക്കുറിയുടെ നറുക്കെടുപ്പു നടത്തുന്നത്. ഇങ്ങനെയുള്ള സംസ്ഥാനലോട്ടറിയുടെ വിശ്വാസ്യതയും സൽപ്പേരും കളങ്കപ്പെടുത്താൻ വ്യാജലോട്ടറിമാഫിയയുടെയും മറ്റും ആളുകൾ മാദ്ധ്യമപ്രവർത്തകരെ സ്വാധീനിക്കുന്നതായി ആക്ഷേപം ഉണ്ട്. ഇതേ വ്യാജവെബ്‌സൈറ്റുകളെ അടിസ്ഥാനമാക്കി മനോരമ ന്യൂസ് ചാനലിലും സമാനമായ വാർത്ത ഒരുമാസം മുമ്പ് വന്നിരുന്നു. വസ്തുത ബോദ്ധ്യപ്പെടുത്തിയതിനെതുടർന്ന് അവർ ആ വാർത്ത അപ്പോൾത്തന്നെ പിൻവലിക്കുകയായിരുന്നു.

ടിക്കറ്റിൽ കൂടുതൽ സുരക്ഷാഘടകങ്ങൾ ഉൾപ്പെടുത്തിയും നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തിയും സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാൻ വിദഗ്ദ്ധസമിതിയെ സർക്കാർ നിയമിച്ചിരിക്കുകയാണ്. സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പുരീതിയും മെച്ചപ്പെടുത്തുക, ഭഗ്യക്കുറി നടത്തിപ്പു കൂടുതൽ കാര്യക്ഷമമാക്കുക എന്നിങ്ങനെ ഒട്ടേറെ നടപടികൾ ഇതിന്റെ ഭാഗമായി കൈക്കൊള്ളുകയുമാണ്.

 

Please follow and like us: