പുതുവർഷം എപ്പോഴും പ്രതീക്ഷയുടേതാണ്. ഇല്ലായ്മകളിലും നല്ല നാളുകളെപ്പറ്റിയുള്ള പ്രതീക്ഷയാണു നമ്മെ മുന്നോട്ടു നയിക്കുന്നത്. ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത്തരം കാല്പനികസ്വപ്നമായി നല്ലനാളുകൾ കണ്ടാൽപ്പോര. ആസൂത്രിതവും ലക്ഷ്യബോധത്തോടെയുള്ളതുമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിക്കൊണ്ട് നമുക്കു സാദ്ധ്യമായ നല്ല നാളുകളെപ്പറ്റി യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൗരജനങ്ങൾക്കു നൽകുകയാണു പ്രധാനം. അതാണു ഞങ്ങൾ, ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ, ചെയ്യുന്നത്.

എന്നാൽ, വ്യക്തികളുടെ ഭാവിയെ എന്നപോലെ അവിചാരിതമായി സംഭവിക്കുന്ന പല കാര്യങ്ങളും നാടിന്റെ വളർച്ചയെയും പ്രതികൂലമായി ബാധിച്ചേക്കാം. 2007ൽ ലോകമാകെ പടർന്ന സാമ്പത്തികമാന്ദ്യംപോലെയുള്ള കാര്യങ്ങൾ നമ്മുടെ കണക്കുകൾ പിഴപ്പിച്ചേക്കാം. ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ടുറദ്ദാക്കൽ വഴിതുറന്നിരിക്കുന്ന ദേശീയമാന്ദ്യം ഇത്തരത്തിൽ താൽക്കാലിലമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. ഈ ഘട്ടത്തിൽ കടന്നുവരുന്ന പുതുവർഷം കൂടുതൽ കരുതലും ആസൂത്രണവും ആവശ്യപ്പെടുന്നു. അതിനെപ്പറ്റിയുള്ള ആലോചനയിലാണു ഞങ്ങളെല്ലാം.

അതിനുമുമ്പുതന്നെ ഈ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിത്തുടങ്ങിയ പദ്ധതികൾ ഈ വേളയിൽ ഒന്നു ചുരുക്കിപ്പറയാം. മുൻസർക്കാർ കൈമാറിയ കാലിയായഖജനാവിലെ ധനമില്ലായ്മയുടെ അവസ്ഥയിൽ അടിസ്ഥാനസൗകര്യവികസനത്തിലൂടെ മൂലധനച്ചെലവു വർദ്ധിപ്പിച്ചു കേരളത്തെ രക്ഷിക്കാനുള്ള പദ്ധതിയാണ് ധനവകുപ്പ് ഇപ്പോൾ മുന്നോട്ടു വച്ചിട്ടുള്ളത്. കിഫ്‌ബിവഴി വലിയതോതിൽ ധനസമാഹരണത്തിനു നടത്തുന്ന ശ്രമം അടക്കം ഒട്ടേറെ പരിപാടികൾ ഈ വകുപ്പിനുകീഴിൽ നടന്നുവരുന്നു. കയർ വകുപ്പിനെയും സമാനമായ പതനത്തിൽനിന്നു വീണ്ടെടുക്കാനും നവീകരിക്കാനുമുള്ള തീവ്രശ്രമത്തിലാണു സർക്കാർ.

സംസ്ഥാനത്തെ മൂലധനച്ചെലവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക നിക്ഷേപപരിപാടി ആരംഭിച്ചു. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻ‌വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) നിയമം ഭേദഗതി ചെയ്തു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി പുതിയ ഭരണസമിതി, പ്രശസ്തരായ സാമ്പത്തിക, മാനേജ്‌മെന്റ് വിദഗ്ദ്ധർ അടങ്ങുന്ന ബോർഡ് രൂപവത്ക്കരിച്ചു. ഒപ്പം, മുൻ അറ്റോർണി ജനറൽ വിനോദ് റായ് അദ്ധ്യക്ഷനായി ഫണ്ട് ട്രാൻസ്‌ഫർ ആൻഡ് അഡ്വൈസറി കമ്മിഷനും (FTAC) രൂപവത്ക്കരിച്ചു.

കിഫ്ബി വഴി നടപ്പാക്കാൻ നിശ്ചയിച്ച 20,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നല്‍കി പ്രവൃത്തികൾ ആരംഭിച്ചു. 4008 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്ക് അനുമതി നല്‍കിക്കഴിഞ്ഞു. കൊച്ചിയിൽ ഫാർമാ പാർക്ക് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 1200 കോടി രൂപ കിഫ്ബി അനുവദിച്ചു. 10000 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നല്‍കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. റെക്കോർഡ് വേഗത്തിൽ കിഫ്ബി പ്രവർത്തനം മുന്നോട്ടുപോകുന്നു.

പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് ക്ഷേമപ്പെൻഷൻ തുക ആയിരം രൂപയായി ഉയർത്തി. ക്ഷേമപ്പെൻഷനുകൾ ഓണക്കാലത്തിനുമുമ്പ് കുടിശികതീർത്തു നൽകി; തുടർമാസങ്ങളിലെ പെൻഷൻഗഡുക്കൾ പുതുവർഷപ്പിറവിക്കു മുമ്പ്, ക്രിസ്‌മസ്‌കാലത്തും വിതരണം ചെയ്തു; ആവശ്യപ്പെട്ടവർക്കെല്ലാം അതു വീട്ടിൽ എത്തിച്ചുകൊടുക്കുകയും ചെയ്തു.

സംസ്ഥാനസർക്കാർ കൈവരിച്ച ഈ തിളക്കമാർന്ന നേട്ടം മുന്നോട്ടുകൊണ്ടുപോകാൻ ശാസ്ത്രീയവും സമഗ്രവുമായ വിവരസഞ്ചയം ഉണ്ടാക്കാനും അർഹരായ എല്ലാവരെയും സാമൂഹികസുരക്ഷാവലയിൽ കൊണ്ടുവരാനുമുള്ള പരിപാടികൾ പുരോഗമിക്കുന്നു. അറുപതു വയസു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നല്‍കുന്ന യൂണിവേഴ്സൽ പെൻഷൻ സ്കീമിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

നികുതിവരുമാന വളർച്ച കൈവരിക്കാൻ നികുതി വരുമാനത്തിന്റെ 48ശതമാനം സംഭാവനചെയ്യുന്ന എറണാകുളം ജില്ലയിൽ “മിഷൻ എറണാകുളം” പദ്ധതിക്കു തുടക്കം കുറിച്ചു. അഴിമതിരഹിതം ആക്കിയിരുന്ന വാളയാർ ചെക്ക്പോസ്റ്റ് ഈ സർക്കാർ അധികാരമേൽക്കുമ്പോഴേക്ക് പഴയനിലയിലേക്കു തിരിച്ചുപോയിരുന്നു. കാര്യക്ഷമതയുടെയും അഴിമതിരാഹിത്യത്തിന്റെയും അന്തരീക്ഷം തിരിച്ചുപിടിക്കാനായി “മിഷൻ വാളയാർ” പരിപാടി നടപ്പാക്കുന്നു.

ചെക്ക്പോസ്റ്റുകളെ ആധുനിക ഡാറ്റാ കളക്‌ഷൻ & ഫെസിലിറ്റേഷൻ സെന്ററുകളാക്കി മാറ്റാനുള്ള പ്രവർത്തനത്തിനു തുടക്കം കുറിച്ചു. മുത്തങ്ങ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ആദ്യ ഇന്റഗ്രേറ്റഡ് ഡേറ്റ കളക്‌ഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു.

ചരക്കു-സേവന നികുതി സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിനു വാണജ്യനികുതി വകുപ്പിനെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നേറുന്നു. നികുതിവകുപ്പിന്റെ സിസ്റ്റം അപ്‌ഗ്രഡേഷൻ നടന്നുകെണ്ടിരിക്കുന്നു. ചരക്കു-സേവന നികുതി സമ്പ്രദായം സംബന്ധിച്ചു ജീവനക്കാർക്കുള്ള പരിശീലനം രണ്ടു ഘട്ടങ്ങൾ പിന്നിട്ടു.

ലോട്ടറി വിറ്റുവരവിൽ 20-25 ശതമാനം വളർച്ച നേടി. 2015-16 ലെ വിറ്റുവരവുലക്ഷ്യം 8000 കോടി രൂപയായി നിശ്ചയിച്ചു. എന്നാൽ, നോട്ടുനിരോധത്തെത്തുടർന്ന് ഉണ്ടായ പ്രതിസന്ധി ഈ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.

സാങ്കേതികക്കമ്മിറ്റിയെവച്ച് പഠനം നടത്തി ലോട്ടറി ടിക്കറ്റുകളുടെ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നു. ലോട്ടറി ഇൻഫർമേഷൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നു. പുതിയ സെർവർ സ്ഥാപിച്ചു. സോഫ്ട്‌വെയർ പരിഷ്കരണം പുരോഗമിക്കുന്നു. ലോട്ടറിവിതരണവും സമ്മാനവിതരണവും കാര്യക്ഷമമാക്കുകയാണ്.15 പുതിയ സബ് ഓഫീസുകൾ ആരംഭിച്ചു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൈക്കൊണ്ടുവരുന്നുണ്ട്. ഇതിനായി ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ചുമലപ്പെടുത്തി.

കയർവകുപ്പിന്റെ കാര്യം എടുത്താൽ ദ്വിമുഖ വികസനതന്ത്രമാണു സ്വീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളില്ലാതെ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കും. അതേസമയം, പരമ്പരാഗത തൊഴിലാളികൾ കയറും കയറുല്പന്നങ്ങളും എത്ര ഉല്പാദിപ്പിച്ചാലും അതുമുഴുവൻ ന്യായവില നല്‍കി സർക്കാർ സംഭരിക്കും. ഓണക്കാലത്ത് ഈ പ്രവർത്തനത്തിന് തുടക്കമായി. ഈ ഉല്പന്നങ്ങൾ വൻതോതിൽ വിറ്റഴിക്കാനുള്ള ഒരു ഉടമ്പടി ഉത്തർപ്രദേശ് സർക്കാരുമായി ഒപ്പുവച്ചുകഴിഞ്ഞു. കയർവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നു നിസ്സംശയം പറയാം. കയർമേഖലയുടെ അടങ്കൽ 116 കോടിയിൽനിന്ന് 250 കോടിയാക്കി ഉയർത്തി. കയർ സഹകരണസംഘങ്ങളുടെ പുനഃസംഘാടനപരിപാടി തയ്യാറാക്കുന്നു.

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടി ആരംഭിക്കുന്നു. കെ.എസ്.എഫ്.ഇ ശാഖകളിൽ കോർസൊല്യൂഷൻ നടപ്പിലാക്കുന്നു. ട്രഷറിയിൽ കോർബാങ്കിങ് നടപ്പിലായി. 222 ട്രഷറികളും കോർബാങ്കിങ് ശ്രംഖലയിൽ ആയതോടെ ആർക്കും ഏതു ട്രഷറിയിൽനിന്നും പണം പിൻവലിക്കാം.

കൂടാതെ, കേന്ദ്രത്തിന്റെ നോട്ടുനിരോധത്തിന്റെ ബുദ്ധിമുട്ടുകളിൽനിന്ന് കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ വിവിധ നടപടികൾ നവംബർ എട്ടുമുതൽ നടപ്പിലാക്കിവരുന്നു. എവയുടെ എല്ലാം വിജയമാണു പുതുവർഷത്തെ ശോഭനമാക്കേണ്ടത്. അതിനായുള്ള യത്നത്തിൽ എല്ലാവരുടെയും പിൻതുണ പ്രതീക്ഷിക്കുന്നു. നല്ല നാളുകൾക്കായി നമുക്കു കൈകോർക്കാം. എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസ.

Please follow and like us: