തദ്ദേശസ്വയംഭരണാസ്ഥാപനങ്ങൾക്കു നീക്കിവച്ച പദ്ധതിവിഹിതം പൂർണ്ണമായും അനുവദിച്ചു സർക്കാർ ഉത്തരവായി. ഇതുപ്രകാരം, പ്രൊജക്റ്റുകൾ പൂർത്തിയാകുന്നമുറയ്ക്ക് പ്രാദേശികസർക്കാരുകൾക്ക് അവയുടെ പണം പിൻവലിക്കാം. തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ ധനമന്ത്രിയുടെ പ്രത്യേകനിർദ്ദേശപ്രകാരമാണ് മൂന്നാം ഗഡു പൂർണ്ണമായി നേരത്തേതന്നെ അനുവദിച്ചത്.

മൂന്നാം ഗഡുവായ 1700 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചത്. ഇതിനുപുറമെ, പ്രത്യേകപദ്ധതികൾക്ക് എന്നപേരിൽ വകകൊള്ളിച്ചിരുന്ന 520 കോടി രൂപയും ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. പ്രത്യേക പരിഗണനകളുടെ അടിസ്ഥാനത്തിൽ പദ്ധതികൾക്ക് അനുവദിക്കാൻ മുൻസർക്കാർ നീക്കിവച്ചിരുന്ന ഈ തുക പദ്ധതിവിഹിതത്തിന്റെ അനുപാതത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കുമായി വീതിച്ചുനൽകുകയാണ് ചെയ്തിട്ടുള്ളത്.

കേരള പ്രാദേശികസർക്കാർ സേവനപ്രദാനപദ്ധതി(KLGSDP)ക്ക് ബജറ്റ് വിഹിതത്തിനു പുറമെ 134.8 കോടി രൂപയും അനുവദിച്ചു. സേവനപ്രദാനപദ്ധതിക്ക് ആദ്യരണ്ടു ഗഡുക്കൾക്കൊപ്പം അനുവദിച്ച 358.5 കോടിരൂപയ്ക്കു പുറമെയാണിത്. സംസ്ഥാനധനക്കമ്മിഷന്റെ ശുപാർശ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 20 കോടി രൂപ ആ ഇനത്തിലും അധികമായി അനുവദിച്ചിട്ടുണ്ട്.

ആദ്യഗഡുവായ 1715 കോടിരൂപയും രണ്ടാം ഗഡുവായ 1598.6 കോടി രൂപയും പ്രത്യേകപദ്ധതികൾക്കു വച്ചിരുന്ന 500 കോടിയും സേവനപ്രദാനപദ്ധതിക്ക് അധികം അനുവദിച്ച തുകയും ചേർത്ത് 5647.8 കോടി രൂപയാണു നടപ്പുവർഷം ആകെ നൽകിയത്.

മൂന്നാം ഗഡുവിൽ പൊതുവിഭാഗത്തിൽ 716.68ഉം പ്രത്യേക ഘടകപദ്ധതിയിൽ 346.3ഉം പട്ടികവർഗ്ഗഉപപദ്ധതിയിൽ 52ഉം കോടിരൂപ ഉൾപ്പെടും. ധനക്കമ്മിഷൻ ശുപാർശചെയ്ത 585 കോടി രൂപയും ചേർന്നതാണ് മൊത്തം വിഹിതം. സേവനപ്രദാനപദ്ധതിയുടെ പങ്ക് ഒഴികെ ഗ്രാമപ്പഞ്ചായത്തുകളുടെ വിഹിതം 810ഉം ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാപ്പഞ്ചായത്തുകളുടെയും വിഹിതം 190 വീതവും മുനിസിപ്പാലിറ്റികളുടെ വിഹിതം 287ഉം കോർപ്പറേഷനുകളുടെ വിഹിതം 220ഉം കോടിരൂപയാണ്. സേവനപ്രദാനപദ്ധതിവിഹിതം ഗ്രാമപ്പഞ്ചായത്തുകൾക്ക് 239ഉം ബ്ലോക്ക് പഞ്ചായത്തിനും ജില്ലാപ്പഞ്ചായത്തിനും 87 വീതവും മുനിസിപ്പാലിറ്റിക്ക് 58.7ഉം കോർപ്പറേഷനുകൾക്ക് 47ഉം കോടിരൂപയാണു കിട്ടുക.

നടപ്പുവർഷം തദ്ദേശഭരണകൂടങ്ങൾക്ക് പൊതുവിഭാഗത്തിൽ 2150ഉം പ്രത്യേകഘടപദ്ധതിയിൽ 1038.9ഉം പട്ടികവർഗ്ഗ ഉപപദ്ധതിയിൽ 156ഉം കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ധനക്കമ്മിഷന്റെ ശുപാർശപ്രകാരം 1310 കോടിരൂപയും ലഭിച്ചു. സേവനപ്രദാനപദ്ധതിക്ക് അധികം നൽകിയതടക്കം 479.8 കോടി രൂപയും നടപ്പുവർഷം പ്രാദേശികസർക്കാരുകൾക്കു ലഭിച്ചു.

 

Please follow and like us: