ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്നതിനാൽ ക്രിസ്‌മസ്-നവവത്സരവേളയിൽ ക്ഷേമപ്പെൻഷൻ കിട്ടാത്തവരുടെ വിവരങ്ങൾ പരിശോധിച്ച് അർഹരായ മുഴുവൻ പേർക്കും എത്രയും വേഗം അതു നൽകാൻ നടപടി തുടങ്ങി. ധനമന്ത്രിയുടെ ഓഫീസിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇതു തീരുമാനിച്ചത്. അർഹരായ ഒരാൾക്കും പെൻഷൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾക്ക് യോഗം രൂപം നൽകി.

ക്ഷേമപ്പെൻഷൻ വിതരണം കുറ്റമറ്റതാക്കാൻ ഡേറ്റാബേസ് തയ്യാറാക്കാനാണു വിവരങ്ങൾ ആവശ്യപ്പെട്ടത്. സർക്കാർ സാമൂഹികസുരക്ഷാപ്പെൻഷൻ നൽകുന്ന 39,24,040 പേരിൽ 33,59,262 പേരാണ് ഡിസംബർ 20 വരെ നിർദ്ദിഷ്ട വിവരങ്ങൾ ലഭ്യമാക്കിയത്. ബാക്കിയുള്ള 5,64,778 പേരുടെ രേഖകൾക്കു കാത്താൽ കാലതാമസം വരും എന്നതിനാൽ, വിവരം നൽകിയവർക്ക് ക്രിസ്‌മസ്-പുതുവർഷവേളയിൽത്തന്നെ പെൻഷൻ നൽകുകയായിരുന്നു.

ഇതുവരെ രേഖകളും സത്യവാങ്‌മൂലവും നൽകിയിട്ടില്ലാത്തവർ എത്രയും വേഗം അവ നൽകണം. പെൻഷൻ കിട്ടാത്തവരിൽ 2,49,477 പേർ സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്യാനുള്ളവരാണ്. വിവരം നൽകിയവർക്കു പെൻഷൻ നൽകാനായി ക്ലോസ് ചെയ്തിരുന്ന വെബ്‌സൈറ്റ് ഇപ്പോൾ തുറന്നിട്ടുണ്ട്. ശേഷിച്ചവർക്കും ഇനി സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ അർഹരാണെന്നു കാണുന്ന എല്ലാവർക്കും കുടിശിക സഹിതം പെൻഷൻ നൽകും.

പെൻഷനിലെ ഇരട്ടിപ്പും അർഹതയും പരിശോധിക്കാൻ ആധാർ നമ്പരുമായി ഒത്തുനോക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പെൻഷനെ ആധാറുമായി ബന്ധപ്പെടുത്തരുതെന്നും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഏതാൺറ്റെല്ലാവർക്കും ആധാർ ഉണ്ട് എന്നതിനാലാണ് ഇതു തീരുമാനിച്ചത്. അധാർ നമ്പർ നൽകാത്ത 1,84,827 പേരുടെ പെൻഷൻ നൽകാതെയുണ്ട്. ആധാർ നമ്പർ നൽകുന്നമുറയ്ക്ക് ഇവരിൽ അർഹതയുള്ളവർക്ക് പെൻഷൻ നൽകും.

ആധാറിനായി പുറത്തുപോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലെത്തി ഫോട്ടോയും മറ്റും എടുക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്യാനും അതിന്റെ ചെലവു പഞ്ചായത്തുകൾ വഹിക്കാനും നേരത്തേതന്നെ അനുമതി നൽകിയിരുന്നു. അങ്ങനെയുള്ളവർ ഈ സാദ്ധ്യത ഉപയോഗപ്പെടുത്തണം. അതിനും കഴിയാത്തവർക്ക് അതതു തദ്ദേശഭരണസ്ഥാപനത്തിലെ സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം മറ്റു തിരിച്ചറിയൽ രേഖകൾ നൽകാം.

ഇപിഎഫ് പെൻഷനും ക്ഷേമപ്പെൻഷനും ഒന്നിച്ചു വാങ്ങുന്ന 21171 പേർക്ക് ഇക്കുറി ക്ഷേമപ്പെൻഷൻ നൽകിയിരുന്നില്ല. ഇവർക്ക് ഇപിഎഫ് പെൻഷനു പുറമെ ഒരു സാമൂഹികസുരക്ഷാപെൻഷനോ ക്ഷേമപ്പെൻഷനോകൂടി നൽകും.

ആദായനികുതി നൽകുന്നവർ, സർവീസ് പെൻഷൻകാർ, രണ്ടേക്കറിലധികം ഭൂമിയുള്ളവർ, വിധവപ്പെൻഷൻ വാങ്ങിവരവെ പുനർവിവാഹം ചെയ്തവർ എന്നിങ്ങനെ കണ്ട 27,687 പേരുടെ സാമൂഹികസുരക്ഷാപ്പെൻഷനുകളാണ് മാറ്റിവച്ചിട്ടുള്ള മറ്റൊരു വിഭാഗം. ഇക്കാര്യത്തിൽ ആക്ഷേപം ഉള്ളവർക്ക് ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിൽ പരാതി നൽകാം. സമയബന്ധിതമായി അദാലത്തു നടത്തി ഇതിൽ തീർപ്പാക്കും.

ക്രിസ്‌മസ് വേളയിൽ 1055.33 കോടി രൂപയാണ് സാമൂഹികസുരക്ഷാപെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. ഓണത്തിന് അതുവരെയുള്ള കുടിശികയും ഒരു മാസത്തെ അഡ്വാൻസും നൽകിയിരുന്നു. രണ്ടും ചേർത്ത് 3843 കോടി രൂപയാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ നൽകിയത്. പെൻഷൻ നൽകാൻ ക്ഷേമനിധികൾക്കു നൽകിയ പണംകൂടി ചേർത്താൽ 4200 കോടി വരും. എന്നാൽ, കഴിഞ്ഞ യുഡിഎഫ് സർക്കാർ സാമൂഹികസുരക്ഷാ പെൻഷൻ ഇനത്തിൽ അഞ്ചുകൊല്ലംകൊണ്ടു വിതരണം ചെയ്തത് 8828 കോടി രൂപമാത്രമാണ്.

കാനേഷുമാരി പ്രകാരം സംസ്ഥാനത്ത് 60 കഴിഞ്ഞ 43 ലക്ഷം പേരാണുള്ളത്. ഇതിൽ സർവീസ് പെൻഷൻ വാങ്ങുന്നവർ, ആദായനികുതി നൽകുന്നവർ, രണ്ടേക്കറിൽ കൂടുതൽ ഭുമിയുള്ളവർ തുടങ്ങിയവരെക്കൂടി ഒഴിവാക്കിയാൽ 35 ലക്ഷത്തോളമേ വരൂ. എന്നാൽ, 49.5 ലക്ഷം പേരാണു വിവിധ ക്ഷേമപ്പെൻഷനുകൾ വാങ്ങുന്നത്. 14.5 ലക്ഷത്തോളം പേർ ഒന്നിലേറെ പെൻഷൻ വാങ്ങുന്നു എന്നാണിതു വ്യക്തമാക്കുന്നത്. ഒരാൾക്ക് ഒരു പെൻഷൻ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ 60 കഴിഞ്ഞ എല്ലാവരെയും ക്ഷേമപ്പെൻഷന്റെ ശൃംഖലയിൽ കൊണ്ടുവരിക, പെൻഷൻ ഗണ്യമായി ഉയർത്തുക എന്നീ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനാണ് വിവരങ്ങൾ കുറ്റമറ്റതാക്കുന്നത്.

വികലാംഗപ്പെൻഷൻ വാങ്ങുന്നവർ, അംശദായം അടയ്ക്കുന്ന ക്ഷേമനിധികളിൽനിന്നു പെൻഷൻ വാങ്ങുന്നവർ എന്നിവർക്ക് നിലവിൽ മറ്റൊരു സാമൂഹികസുരക്ഷാപ്പെൻഷൻകൂടി കിട്ടുന്നുണ്ടെങ്കിൽ അതു നിർത്തലാക്കില്ല. നിലവിൽ ക്ഷേമപ്പെൻഷൻ ലഭിക്കുന്നവർക്ക് അതിനു പുറമേ മറ്റേതെങ്കിലും കേന്ദ്രപ്പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ അതിൽ കേന്ദ്രവിഹിതം നൽകിയാൽ മതിയെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, അത് കേവലം 300 രൂപ മാത്രമായതിനാൽ, ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 600 രൂപ നൽകാൻ തീരുമാനിച്ചു. ഇതല്ലാതെ, അർഹരായ ആർക്കും പെൻഷൻ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

Please follow and like us: