നല്ല പഴയ വസ്ത്രങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ഡ്രസ്സ്‌ ബാങ്ക് ആരംഭിച്ചത് . ഇപ്പോള്‍ ഏതാണ്ട് ഇരുപതിനായിരം പേര്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആയി . മാരാരിക്കുളത്ത് മാത്രമല്ല അങ്ങ് ദൂരെ വയനാട്ടിലും അട്ടപ്പാടിയിലും എല്ലാം ഇവര്‍ വസ്ത്രം എത്തിച്ചു . കഴിഞ്ഞ ദിവസം ഒരു പുതിയ പടവ് കടന്നു . ആയിരത്തി ഇരുന്നൂറോളം സ്കൂള്‍ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ക്കുള്ള തുണി വിതരണം ചെയ്തു . ചിലത് ഡ്രസ്സ്‌ ആയിത്തന്നെ . ഒരോ സ്കൂളിലെയും ആവശ്യക്കാരായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി വാങ്ങിയിരുന്നു, അവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം കലവൂര്‍ സ്കൂളിലെ വിവിധ കൗണ്ടറുകളില്‍ നിന്ന് വസ്ത്രങ്ങളും പഠനോപകരണങ്ങളും ഏറ്റുവാങ്ങി . ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗ് ഉള്‍പ്പടെയുള്ള മുഴുവന്‍ സാമഗ്രികള്‍ ആണ് നല്‍കിയത് .

നമ്മള്‍ സാധാരണ സ്കൂള്‍ കുട്ടികളെ മാത്രമേ ഓര്‍ക്കാറുള്ളൂ . പക്ഷെ അവരേക്കാള്‍ ഈ സഹയം എത്രയോ ആവശ്യമാണ്‌ ഭിന്നശേഷിക്കരായ കുട്ടികള്‍ക്ക് . പക്ഷെ ഇങ്ങനെയുള്ള ചടങ്ങുകളില്‍ അവരെ വിസ്മരിക്കുകയാണ് പതിവ് . ആര്യാട് , മാരാരിക്കുളം തെക്ക് , മണ്ണഞ്ചേരി പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ക്ക് രണ്ടു ജോഡി വീതം യുണിഫോമിനുള്ള തുണികള്‍ നല്‍കി . തീര്‍ന്നില്ല ആലപ്പുഴ ജില്ലയിലെ നാല്‍പ്പത്തിരണ്ട് എയിഡ്സ് രോഗികള്‍ ആയ വിദ്യാര്‍ത്ഥികള്‍ക്ക് തുണി മാത്രമല്ല , സ്കൂള്‍ ബാഗുകളും പുസ്തകങ്ങളും ഈ ചടങ്ങില്‍ കൈമാറി .

സാധാരണ ആള്‍ എ പ്ലസ് കിട്ടുന്ന എല്ലാ കുട്ടികളുടെ വീട്ടിലും ഞാന്‍ നേരിട്ട് പോയി സമ്മാനം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തവണ തിരക്ക് മൂലം അതുടനെ നടക്കും എന്ന് തോന്നുന്നില്ല. എന്നാല്‍ റിയാസും കൂട്ടരും ആ കുറവും തീര്‍ത്തു. ആള്‍ എ പ്ലസ്‌ കിട്ടിയ മുഴുവന്‍ കുട്ടികളുടെയും മേല്‍വിലാസം തപ്പിപ്പിടിച്ച് അവരെ ചടങ്ങില്‍ പങ്കെടുപ്പിച്ചു . അവര്‍ക്കെല്ലാം മൊമന്റോയും എന്റെ പുസ്തകവും സമ്മാനമായി നല്‍കി . മണ്ണഞ്ചേരിയിലെ പി കൃഷ്ണപിള്ള സ്മാരക പാലിയേറ്റീവ് സംവിധാനം കിടപ്പ് രോഗികള്‍ക്കുള്ള സഹായം മാത്രം അല്ല , ജനകീയ ലാബും മെഡിക്കല്‍ സ്റ്റോറും എല്ലാം കടന്നു ഡ്രസ്സ്‌ ബാങ്കില്‍ എത്തിയിരിക്കുകയാണ് . വിശപ്പ്‌ രഹിത ഗ്രാമത്തിനു തയ്യാറെടുക്കയാണ് . മുഖ്യ സംഘാടകന്‍ റിയാസ് തന്നെ . ഒരു പറ്റം ചെറുപ്പക്കാരും ജനറല്‍ കണ്‍വീനര്‍ സുനീഷ് ദാസിനെയും കണ്‍വീനര്‍ ഡോ. ബിന്ദുവിനെയും പോലുള്ളവരും ഈ പ്രവര്‍ത്തനങ്ങളില്‍ ഹരം പിടിച്ച് മുഴുകിയിരിക്കുകയാണ് .