കഴിഞ്ഞ ദിവസം പതിനഞ്ചാമത് ജി എസ് ടി കൌണ്‍സില്‍ യോഗം ആയിരുന്നു. ഏതാണ്ട് മാസത്തില്‍ രണ്ടു വീതം യോഗങ്ങള്‍ . ജി എസ് ടി കൌണ്‍സില്‍ പലപ്പോഴും രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്ന വേദി ആണ് . പക്ഷെ വോട്ടെടുപ്പ് ഉണ്ടാവാറില്ല . കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ് ശൈലി . ഇത്തരത്തില്‍ കാര്യങ്ങളെ നീക്കുന്നതിന് കേന്ദ്രധനമന്ത്രി ജെയ്റ്റ്ലി അനുവര്‍ത്തിക്കുന്ന ശൈലിക്ക് പ്രത്യേക പങ്കുണ്ട് . ഉദാഹരണത്തിന് ബീഡിക്കും സിഗററ്റിനും നികുതിയും സെസ്സും ഏര്‍പ്പെടുത്തി കൊണ്ടുള്ള തീരുമാനത്തെ ഞാന്‍ കഠിനമായി എതിര്‍ത്തു . എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി അതിശക്തമായി മറുവാദം നടത്തി . ഒരു മണിക്കൂര്‍ നീണ്ടു നിന്നു ചര്‍ച്ച . അവസാനം ഒത്തുതീര്‍പ്പ്‌ വന്നു. ബീഡിയുടെ മേല്‍ ഇപ്പോള്‍ നിലവില്‍ ഉള്ള നികുതികളുടെ ശാരാശരി എടുക്കാം . പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ നാല്‍പ്പത് ശതമാനം വരെ നികുതി ചുമത്തുന്നുണ്ട് . അങ്ങിനെ ശരാശരി 23 ശതമാനം . അങ്ങിനെ ബീഡി സിഗററ്റിനെ പോലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ പെടുന്ന ഒന്നായി മാറി . ഇവിടെ കേരളം തോറ്റു . പക്ഷെ സെസില്‍ നിന്ന് ബീഡി ഒഴിവാക്കപ്പെട്ടു . സെസ് ഇരുന്നൂറു ശതമാനം ആണെന്നോര്‍ക്കണം . ഏതാണ്ട് ഇതുതന്നെയാണ് സ്വര്‍ണ്ണത്തിന്‍റെ കാര്യത്തിലും നടന്നത് . എന്‍റെ പ്രസംഗത്തില്‍ ഏതാനും പേജ് എന്ത് കൊണ്ട് സ്വര്‍ണ്ണത്തിനു മേല്‍ അഞ്ചു ശതമാനം നികുതിയാകാം എന്നത് വിശദീകരിച്ച് കൊണ്ടായിരുന്നു . സത്യം പറയട്ടെ ഈ നിലപാടിന് കേന്ദ്ര എക്കണോമിക്ക് അഡ്വൈസറുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു . ജെയ്റ്റ്ലിയും എന്‍റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചു . എന്നാല്‍ ബി ജെ പി സര്‍ക്കാരുകള്‍ ഒന്നടങ്കം സ്വര്‍ണ്ണത്തിനുമേല്‍ ഒരു ശതമാനമോ രണ്ടു ശതമാനമോ നികുതി പാടുള്ളൂ എന്ന വാദക്കാര്‍ ആയിരുന്നു . അവസാനം ജെയ്റ്റ്ലി ഇടപ്പെട്ട് ഒത്തു തീര്‍പ്പുണ്ടാക്കി, സ്വര്‍ണ്ണത്തിന് മൂന്നു ശതമാനം നികുതി .

എന്നാല്‍ ഇതായിരുന്നില്ല കാശ്മീരിലെ സ്ഥിതി. ഏതാണ്ട് ആയിരത്തില്‍പ്പരം ചരക്കുകളുടെ നികുതി ആണ് അരദിവസം കൊണ്ട് തീര്‍പ്പ് കല്‍പ്പിച്ചത് . കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ മത്സരിക്കുകയായിരുന്നു . നികുതി കുറയ്ക്കുന്നതിനെ എങ്ങിനെ ആണ് എതിര്‍ക്കുക ? പക്ഷെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തിനു മേല്‍ ഇത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതം അത്രയ്ക്ക് വലുതായിരിക്കും. ആദ്യവര്‍ഷം മുഴുവനായെടുത്താല്‍ ഒരു ലക്ഷം കോടിയുടെ എങ്കിലും കുറവ് വരും എന്നാണ് എന്‍റെ കണക്കുക്കൂട്ടല്‍ . ഇത്രയും ആനുകൂല്യം ജനങ്ങള്‍ക്ക്‌ കിട്ടിയാല്‍ നഷ്ടബോധം ഒന്നും തോന്നേണ്ട കാര്യമില്ല. പക്ഷെ ഇതല്ല സംഭവിക്കാന്‍ പോകുന്നത് . നികുതി ഭാരം കുറഞ്ഞാലും കോര്‍പ്പറെറ്റുകള്‍ വില കുറയ്ക്കില്ല. ഇതിന്‍റെ ഫലമായി ജി എസ് ടി മൂലം കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ കൊള്ളലാഭം ആണ് ലഭിക്കാന്‍ പോകുന്നത് . ഇതിനെതിരെ തുടര്‍ച്ചയായി കേരളം വാദിച്ചിട്ടുണ്ട് . ഇതിന്റെ ഫലമായി ഇത്തരം പരാതികള്‍ പരിശോധിക്കാന്‍ ഒരു അതോറിറ്റി സൃഷ്ടിക്കാന്‍ ജി എസ് ടി കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.