പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ഇതിനേക്കാള്‍ നല്ലൊരു തുടക്കം സാധ്യമല്ല. ഒന്നര ലക്ഷം കുട്ടികളാണ് അണ്‍ എയിഡഡ് സ്‌ക്കൂളുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. ഈ ആവേശം നിലനില്‍ക്കണമെങ്കില്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുക മാത്രമല്ല, പഠനത്തിന്റെ ഗുണനിലവാരത്തില്‍ കുതിച്ചുചാട്ടവുമുണ്ടാകണം. പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അധ്യാപകര്‍ തയ്യാറാകണം. ഇനി ഏറ്റവും നിര്‍ണായകമാവുക അധ്യാപകരുടെ പ്രതിബദ്ധത തന്നെയാണ്.

സ്‌ക്കൂള്‍ നടത്തിപ്പിലുള്ള ജനപങ്കാളിത്തം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. തങ്ങളുടെ കുട്ടി പഠിക്കുന്ന സ്‌ക്കൂള്‍ തന്റെ സ്‌ക്കൂളായി ഓരോ രക്ഷാകര്‍ത്താവിനും തോന്നണം. ഏറ്റവും പ്രധാനപ്പെട്ടത് പൊതുവിദ്യാഭ്യാസ സൗകര്യങ്ങള്‍ – അതു കമ്പ്യൂട്ടറായാലും കെട്ടിടമായാലും നവീകരിക്കുന്നതിനുള്ള വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനവും അതിനുവേണ്ടി നടക്കുന്ന തയ്യാറെടുപ്പുകളുമാണ്. ഇതു വലിയൊരു ആവേശം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂളുകളെ റേറ്റു ചെയ്യുന്നത് നന്നായിരിക്കും. കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന സ്‌ക്കൂളുകള്‍ പ്രത്യേകം പരിശോധിച്ച് ഈ പുതിയ പ്രതിഭാസത്തിന്റെ കാരണങ്ങളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിന് വിശദമായ പരിശോധന നടത്താം.

പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തില്‍ ഏറ്റവും വലിയ വര്‍ദ്ധന വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയായ തൃശൂര്‍ തന്നെ. പക്ഷേ, എല്ലാ ജില്ലകളിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. എണ്ണത്തില്‍ വലിയ കുതിപ്പ് മുന്‍വര്‍ഷങ്ങളിലുണ്ടാക്കിയ രണ്ടു സ്‌ക്കൂളുകള്‍ക്ക് ആ വര്‍ദ്ധന നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പക്ഷേ, പൊതുവില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും അധ്യയനനിലവാരവുമാണ് ഏറ്റവും നിര്‍ണായ ഘടകങ്ങള്‍.

അണ്‍ എയിഡഡ് സ്‌ക്കൂളുകളിലെ കനത്ത ഫീസ് സാധാരണക്കാര്‍ക്കു താങ്ങാവുന്നതിനും അപ്പുറമാണ്. അണ്‍ എയിഡഡ് സ്‌ക്കൂളുകളില്‍ ഉണ്ടാകുന്ന കുട്ടികളുടെ കുറവ് ആ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ പോവുകയാണ്. വരേണ്യവിഭാഗത്തിനു വേണ്ടിയുള്ള ഒരു കൂട്ടം സ്‌ക്കൂളുകള്‍ തുടരും. എന്നാല്‍ തകരപോലെ നാട്ടിലെങ്ങും മുളച്ചുവരുന്ന അണ്‍ എയിഡഡ് സ്‌ക്കൂളുകളുടെ സാധ്യതകള്‍ ഇനി നന്നേ കുറയും.