ജലസേചന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടു ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇപ്പോള്‍ ആദിപമ്പയുടെയും വരട്ടാറിന്റെയും തട്ട് പമ്പാനദിയില്‍ നിന്ന് വളരെ ഉയരത്തിലാണ്. ഒന്നുമുതല്‍ മൂന്നു മീറ്റര്‍വരെ മണ്ണും മണലും നീക്കം ചെയ്താലേ നദി സുഗമമായി ഒഴുകൂ.

ഇതിനുണ്ടാക്കിയ പ്ലാന്‍ നടപ്പാക്കുന്നതിനു മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണം. പരിസ്ഥിതി ക്ലിയറന്‍സ് വാങ്ങണം. നാലഞ്ചു മാസം സമയമെടുക്കും. അതുവരെ കാക്കാനാവില്ല എന്ന് എല്ലാവരും സമ്മതിച്ചു. അതുകൊണ്ട് ഇപ്പോള്‍ സന്നദ്ധാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ള കാടു തെളിക്കലും ചാലു കീറലും മുന്നോട്ടു കൊണ്ടുപോകാന്‍ ധാരണയായി. ഒരു ജെസിബി കൂടി വാടകയ്‌ക്കെടുക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആറു തെളിക്കല്‍ പ്രവര്‍ത്തനം പുതുക്കുളങ്ങരയിലെത്തും. അവിടെ നിന്നാണല്ലോ വരട്ടാര്‍ ആരംഭിക്കുന്നത്.

ഇരവിപേരൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ത്തന്നെ തങ്ങളുടെ പ്രദേശത്ത് മണല്‍ നീക്കി ചാലു തെളിക്കുന്ന പ്രവര്‍ത്തനം തുടങ്ങണം. ഇത് രണ്ടു കിലോമീറ്റര്‍ നീളത്തിലേ വേണ്ടി വരൂ. അതുകഴിഞ്ഞാല്‍ വരട്ടാറിന്റെ ഗ്രേഡിയന്റ് മണിമലയാറിലേയ്ക്ക് താഴുന്നതായതുകൊണ്ട് തല്‍ക്കാലം പണി വേണ്ടിവരില്ല. ഈ മഴക്കാലത്ത് ആറ് ഒഴുകും എന്നു തീര്‍ച്ചയായി.

പത്തനംതിട്ട ഏരിയയില്‍ നദിയുടെ അതിര്‍ത്തികള്‍ കല്ലിട്ടാല്‍ മതി. അതു തെളിച്ചെടുത്താല്‍ മതി. ഇതൊരു പുതിയ അറിവായിരുന്നു. പക്ഷേ, ആലപ്പുഴ ഭാഗത്ത് സര്‍വെ നടത്തുക തന്നെ വേണം. അതിര്‍ത്തികള്‍ കൃത്യമായി കണ്ടെത്തിയ ശേഷം അതതു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മകള്‍ തന്നെ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യട്ടെ. വരട്ടാര്‍ ഗ്രാമസഭകള്‍ ആഗസ്റ്റു മാസത്തില്‍ നടത്തുന്നതിനും ധാരണയായി.

പദ്ധതിയുടെ അവസാനഘട്ടം ഇന്നത്തെ കലുങ്കുകളും മറ്റും മാറ്റി പാലങ്ങള്‍ പണിയുകയാണ്. അതോടൊപ്പം നദീതീരത്തുകൂടി പമ്പാനദി മുതല്‍ മണിമലയാര്‍ വരെ പുഴ നടത്തത്തിന് ടൈലിട്ടൊരു പാത തയ്യാറാക്കും. ഇതിന്റെ ഓരങ്ങളില്‍ ജൈവവൈവിദ്ധ്യ മരക്കൂട്ടങ്ങള്‍ സൃഷ്ടിക്കാനാണ് പരിപാടി.