നെടുമങ്ങാട് > കിള്ളിയാറിന്റെ പരിമിതിയും നിലനിൽപ്പും ലക്ഷ്യമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും നഗരസഭയും ആനാട്, കരകുളം, പനവൂർ, അരുവിക്കര പഞ്ചായത്തുകളും ഹരിതകേരളം മിഷനും ജലശ്രീയും സംയുക്തമായി ഏറ്റെടുക്കുന്ന ജനകീയസംരംഭം കിള്ളിയാർ മിഷന്റെ പ്രവർത്തനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

നീരുറവ സംരക്ഷിക്കാൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മറ്റു തദ്ദേശസ്ഥാപനങ്ങളെ കൂട്ടി യോജിപ്പിച്ചു നടത്തുന്ന പരിശ്രമം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. കിള്ളിയാർ സംരക്ഷണത്തിന് വിപുലമായ സംവിധാനങ്ങളും പദ്ധതികളുമാണ് പരിപാടിയിൽ തയ്യാറാക്കിയത്. പദ്ധതിയുടെ നടത്തിപ്പിന് ഡി കെ മുരളി എംഎൽഎ കൺവീനറും ചെയർമാനുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 19ന് മുൻസിപ്പൽ പഞ്ചായത്തുതല കൺവൻഷനുകൾ ചേരും. 20 മുതൽ 25 വരെ പ്രാദേശിക കൺവൻഷനുകൾ ചേരും. കി ള്ളിയാറിൽ പതിക്കുന്ന 31 തോടും നീർച്ചാലുകളും കേന്ദ്രീകരിച്ച് പ്രാദേശിക ജലസംരക്ഷണ സമിതികൾ നിലവിൽ വരും.

കിള്ളിയാർ സംരക്ഷണത്തിന്റെ ഭാഗമായി 31ന് എൻഎസ്എസ്-എൻസിസി വിദ്യാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നടക്കും.ഏപ്രിൽ അഞ്ചിന് കിള്ളിയാറിന്റെ ഉത്ഭവസ്ഥാനം മുതൽ വഴയിലവരെ 22 കിലോമീറ്റർ പ്രത്യേക സംഘം പുഴയെക്കുറിച്ച് പഠനം നടത്തും. 14 ന് ബഹുജനപങ്കാളിത്തത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പുഴ ശുചീകരിക്കും. യോഗത്തിൽ സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു കിള്ളിയാർ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

Please follow and like us: