തിരുവനന്തപുരം : ജിഎസ്ടി സൃഷ്ടിച്ച പ്രതിസന്ധി ആറുമാസംകൊണ്ട് മറികടക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്  പറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജിഎസ്ടി കേരളത്തിൽ സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും അതിൽനിന്നൊക്കെ കരകയറാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 50,000 കോടിരൂപയുടെ പ്രവർത്തനമാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. ഇതിൽ 20,000 കോടിരൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയതായും എ പി അനിൽകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഗൾഫിലെ പ്രതിസന്ധിയും കേരളത്തിന് തിരിച്ചടിയായി. ചെറുകിടമേഖലയാണ് ഏറെ പ്രതിസന്ധിയിലായത്. സഹകരണമേഖലയ്ക്കും തിരിച്ചടിയുണ്ടായി. നോട്ട് നിരോധനത്തിന്റെ മറവിൽ സഹകരണമേഖലയെ തകർക്കാനും ശ്രമമുണ്ടായി. സഹകരണമേഖലയെ സംരക്ഷിക്കാനാണ് സർക്കാർ കേരള ബാങ്കിന് രൂപം നൽകുന്നത്. ഇത്രയും ശക്തമായ പ്രതിരോധം കേരളത്തിൽ മാത്രമാണുണ്ടായത്. ചെറുകിടമേഖലയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ വിവിധ നടപടി സ്വീകരിച്ചുവരുന്നു. പ്രവാസികളുടെ സംരക്ഷണത്തിനായി ലോക കേരളസഭ രൂപീകരിച്ചു. ഇതിന്റെ ഭാഗമായുള്ള വിവിധ വിഷയസമിതികൾ പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്നും  ധനമന്ത്രി ടി എം തോമസ് ഐസക്അറിയിച്ചു.

Please follow and like us: