വരുമാന വളര്‍ച്ചയുടെ കാര്യത്തിൽ വെല്ലുവിളി നേരിടുകയാണ് കേരളം. ജിഎസ്ടി നടപ്പാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ജിഎസ്ടിഎൻ പൂര്‍ണതോതിൽ സജ്ജമായിട്ടില്ല. തന്മൂലം അന്തര്‍സംസ്ഥാന വ്യാപാരത്തിലൂടെ സംസ്ഥാനത്തിനു ലഭിക്കേണ്ട ഐജിഎസ്ടി വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. റിട്ടേണ്‍ ഫയലിംഗ് പൂര്‍ണരൂപത്തിൽ ആകുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന ഐജിഎസ്ടി വരുമാനം ഇരട്ടിയെങ്കിലുമായി വര്‍ദ്ധിക്കും.

ഇ വേ ബില്‍

ഫെബ്രുവരി മുതല്‍ അന്തർ സംസ്ഥാന ചരക്കുനീക്കം വീക്ഷിക്കുന്നതിന് ഇ വേ ബിൽ സമ്പ്രദായം നടപ്പിലാക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതികമായ പ്രശ്നങ്ങള്‍ കാരണം ഇത് ഏപ്രിൽ മാസത്തോടു കൂടിയേ നടപ്പാകൂ. ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിൽ അന്തര്‍സംസ്ഥാന ചരക്കുനീക്കം നിരീക്ഷിക്കുന്നതിന് അതിര്‍ത്തികളിൽ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് സ്കാൻ ചെയ്ത് ജിഎസ്ടിഎന്നിന്റെ ഇവേ ബിൽ പോര്‍ട്ടലിൽ ഒത്തുനോക്കി ബിൽ ഇല്ലാതെ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ വാളയാർ ചെക്ക് പോസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ കാമറകള്‍ സ്ഥാപിച്ച്  നിരീക്ഷണം ആരംഭിച്ചു.

ജിഎസ്ടി നടപ്പാക്കിയതിന്റെ ഭാഗമായി നികുതി നിരക്കുകളിൽ ഉണ്ടായ കുറവിന്റെ അടിസ്ഥാനത്തില്‍ മിക്കവാറും ഉല്‍പന്നങ്ങളുടെ വില കുറയേണ്ടതായിരുന്നു. എന്നാല്‍ വന്‍കിട കമ്പനികൾ നികുതി നിരക്കിലുണ്ടായ കുറവിനെ തുടര്‍ന്ന് സാധനങ്ങളുടെ വില കുറയ്ക്കുന്നതിന് തയ്യാറായില്ല. അമിതലാഭമെടുക്കുന്ന വ്യാപാരികള്‍ക്കും കമ്പനികള്‍ക്കും എതിരായി നടപടികള്‍ സ്വീകരിക്കാന്‍ ആന്‍റീ പ്രോഫിറ്റീറിംഗ് നിയമം ഉണ്ട് എങ്കിലും അതും ഫലപ്രദമായി നടപ്പാക്കിയില്ല. എന്നാല്‍ സംസ്ഥാനത്ത് ആന്‍റി പ്രോഫിറ്റീറിംഗ് കമ്മിറ്റി രൂപീകരിക്കുകയും വിവരശേഖരണം നടത്തി കേന്ദ്ര അതോറിറ്റിയ്ക്കു മുന്നില്‍ പരാതികൾ സമര്‍പ്പിച്ചിട്ടുണ്ട്.