സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ലോട്ടറി തൊഴിലാളികള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് (ജൂണ്‍ 9) ആലപ്പുഴയില്‍ നിര്‍വഹിക്കും പാതിരാപ്പള്ളി എയ്ഞ്ചല്‍ ആഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, ബോര്‍ഡ് മുന്‍ ചെയര്‍മാനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി. ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  സംസ്ഥാനതലത്തില്‍ 178 അംഗങ്ങള്‍ക്കാണ് ട്രൈസ്‌കൂട്ടര്‍ നല്‍കുന്നത്.  നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 77-ാം റാങ്ക് (എസ്.സി വിഭാഗം) നേടിയ കെ.പി. മഞ്ജുഷയ്ക്ക് തുടര്‍ പഠനത്തിന് ക്‌ഷേമനിധി ബോര്‍ഡിന്റെ ഒരു ലക്ഷം രൂപ ധനസഹായം മന്ത്രി നല്‍കും.  ക്ഷേമനിധി അംഗമായിരുന്ന പരേതനായ പുരുഷോത്തമന്റെയും ചെല്ലമ്മയുടെയും മകളാണ് കെ.പി. മഞ്ജുഷ.

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഭാഗമായാണ് ട്രൈസ്‌കൂട്ടര്‍, വിദ്യാഭ്യാസ ധനസഹായം എന്നിവ വിതരണം ചെയ്യുന്നത്.  സുവര്‍ണ ജൂബിലിയുടെ ഭാഗമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ജോഡി യൂണിഫോം സൗജന്യമായി നല്‍കിയിരുന്നു.  മുഴുവന്‍ അംഗങ്ങള്‍ക്കും ഐഡന്റിറ്റി കാര്‍ഡും ആവശ്യമുള്ളവര്‍ക്ക് ബീച്ച് അംബ്രല്ലയും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Please follow and like us: