ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ല. എന്നു മാത്രമല്ല, ശബരിമലയിലെ തീര്‍ത്ഥാടനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം മുടക്കുന്നുമുണ്ട്. ഇപ്പോള്‍ ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടിയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്.  പമ്പയില്‍ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഭൗതിക സൗകര്യങ്ങള്‍, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തില്‍ പണി പൂര്‍ത്തീകരിക്കുന്നത്.  പദ്ധതിയുടെ എസ്പിവിയായി ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്ന് എസ്പിവി ഉറപ്പുവരുത്തും. രണ്ടുവര്‍ഷത്തിനകം പമ്പയില്‍ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അടുത്ത അമ്പതു വര്‍ഷത്തെ ശബരിമലയുടെ വികസനം മുന്നില്‍ക്കണ്ടാണ് മാസ്റ്റര്‍ പ്ലാനിനു രൂപം നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ  ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തികവര്‍ഷമുണ്ട്.  ശബരിമലയില്‍ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകള്‍ക്ക് 3.2 കോടിയാണ് ഈ വര്‍ഷം വകയിരുത്തല്‍. 2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്തത്.  ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ നിലനിര്‍ത്തി തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കും.  വാഹന, ഗതാഗത മാനേജ്‌മെന്റ്,  ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൗകര്യവുമൊരുക്കല്‍, വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യമെന്നും മന്ത്രി കുറിച്ചു.