ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്ക് ജി.എസ്.ടി നിരക്കിലെ അപാകത കാരണം കൂടുതല്‍ തുക നല്‍കേണ്ടിവരുന്നത് ഒഴിവാക്കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജി.എസ്.ടി നിയമത്തില്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ പ്രകാരം എകണോമി ക്ലാസ് വിമാന യാത്രക്ക് ജി.എസ്.ടി നികുതി നിരക്ക് അഞ്ച് ശതമാനമാണ്. സ്വകാര്യ ഗ്രൂപ്പുകള്‍ ഹജ്ജ് യാത്രക്ക് സാധാരണയായി സീറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി അനുവര്‍ത്തിക്കുന്നതുമൂലം 5 ശതമാനം നികുതി മാത്രമാണ് നല്‍കേണ്ടിവരുന്നത്. എന്നാല്‍ ഹജ്ജ് കമ്മിറ്റി തീര്‍ത്ഥാടകര്‍ക്കായി വിമാനയാത്ര ഒരുക്കുന്നത് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്താണ്. പ്രസ്തുത സേവനത്തിന് 18 ശതമാനം ജി.എസ്.ടി നിരക്കാണ് ബാധകമായിട്ടുളളത്. ഇതാണ് സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേന പോവുന്ന തീര്‍ത്ഥാടകരേക്കാള്‍ കൂടിയ തുക ഹജ്ജ് കമ്മിറ്റി മുഖേന പോവുന്നവര്‍ നല്‍കേണ്ടിവരുന്നതിന് കാരണം. ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്താന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.