അടുത്തവർഷത്തോടെ ആലപ്പുഴ നഗരത്തിന്റെ മുഖം മാറി തുടങ്ങും-മന്ത്രി തോമസ് ഐസക്ക് – ആലപ്പുഴ: സമഗ്രമായ ആലപ്പുഴ നഗരവികസന പദ്ധതികൾ ആരംഭിക്കുന്നതോടെ നഗരത്തിന്റെ ഇപ്പോഴത്തെ സ്വഭാവം മാറി അത്യാധുനികമാകുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 11 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കൈതവന-തുമ്പോളി റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ നഗര ചത്വരത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുപ്പതിനായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ കിഫ്ബി വഴി സംസ്ഥാനത്ത് നടത്തുകയാണ്. 8000 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. 450 കോടി രൂപ ചെലവഴിച്ച് ട്രാൻസ്‌പോർട്ട് ഹബ്ബ് ആലപ്പുഴ നഗരത്തിൽ നിർമ്മിക്കും. മൂന്നു നിലകളിലായി കെഎസ്ആർടിസി ബസ് ടെർമിനലും ഓഫീസും പ്രവർത്തിക്കും. അതിനോടുചേർന്ന് ബോട്ട് ജെട്ടിയും സ്ഥാപിക്കും. ഹബ്ബിന്റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിന് മുമ്പായി ഗാരേജ് വളവനാട് ഹൗസിങ് ബോർഡ് സ്ഥലത്തേക്ക് മാറ്റും. ടെൻഡർ നടപടി ആയിട്ടുണ്ട്.ഗാരേജ് മാറിയാലുടൻ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി സർവീസ് ഓപ്പറേഷൻ നിലവിലുള്ള സ്ഥലത്തുതന്നെ തുടരും. തോടുകളുടെ ശുചീകരണത്തിന് 318 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇരുകരയിലുമുള്ള റോഡുകളും നഗരത്തിലെ പ്രധാന ജംഗ്ഷനുകളും ആധുനികമാക്കുന്നതിന് 260 കോടി രൂപയ്ക്ക് പുനെ ആസ്ഥാനമായുള്ള കമ്പനിക്ക് ടെൻഡർ നൽകി. കോടതി പാലത്തിന് മുകളിലൂടെ മനോഹരമായ വളഞ്ഞ പാലം വരും. ആലപ്പുഴ നഗരത്തിലെ പദ്ധതികൾ മാത്രമായി നോക്കുമ്പോൾ ആയിരം കോടിയിലധികം രൂപയുടെ പ്രവർത്തികളാണ് നടക്കുന്നത്. നെഹ്‌റുട്രോഫി പാലവും കിഴക്കൻ ബൈപ്പാസ്സും പൂർത്തിയാകുമ്പോൾ ആലപ്പുഴയ്ക്ക് വലിയ മാറ്റം വരും. ചെട്ടികാട് പുതിയ താലൂക്ക് ആശുപത്രി 110 കോടി രൂപ ചെലവിൽ വരുകയാണ്. നെഹ്‌റുട്രോഫി പവലിയൻ പുതുക്കിപ്പണിയും.കുട്ടനാട്ടിലെ ക്ഷീണം പറ്റിയ എല്ലാ വള്ളങ്ങളും സർക്കാർ ഏറ്റെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നു 33 മാസത്തിനുള്ളിൽ കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 2500 കോടി രൂപ ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഇതിനു മുമ്പത്തെ ചരിത്രം പരിശോധിച്ചാൽ ഇപ്പോഴത്തേതിന്റെ പകുതി പോലും ആരും നേടിയെടുത്തിട്ടില്ല. ദേശീയപാതയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഏറെ അനുകൂല നിലപാടാണ് തന്റെ വകുപ്പിനോടും കേരള സർക്കാരിനോടും പുലർത്തുന്നത്. എന്നാൽ റയിൽവേ മന്ത്രാലയത്തിന്റെ സ്ഥിതി നേരെ വിപരീതമാണ്. റെയിൽവേ വികസനത്തിന് കേരളത്തിന് ഒന്നും തരുന്നില്ല. കേരളത്തിന്റെ താൽപ്പര്യം പോലും അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം വിറ്റ് കാശ് ആക്കുകയാണ് കേന്ദ്രം. ജില്ലയിൽ പിഡബ്ല്യുഡി വകുപ്പു വഴിമാത്രം പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. 41 പാലങ്ങൾ നമ്മുടെ ജില്ലയിൽ പണിതു കൊണ്ടിരിക്കുകയാണ് ചിലവ നിർമ്മാണം പൂർത്തിയായി കഴിഞ്ഞുവെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, നഗരസഭാ കൗൺസിലർമാരായ ഡി.ലക്ഷ്മണൻ, വിജയകുമാർ, കവിത, കെ.ബാബു, കെ.ജെ.പ്രവീൺ, സലിംകുമാർ, ആർ.നാസർ, സൂപ്രണ്ടിങ് എൻജിനിയർ എസ്.സജീവ്, എക്‌സിക്യൂട്ടീവ് എൻജിനിയർ ഡോ.സിനി എന്നിവർ പ്രസംഗിച്ചു.