വിഷപ്പുരഹിത കേരളം പദ്ധതി എന്ന ലക്ഷ്യം കൈയെത്തിപിടിക്കാവുന്ന ദൂരത്താണ് എന്ന് പാതിരപ്പള്ളിയിലെ സ്നേഹജാലകം ജനകീയ ഭക്ഷണശാല കാണിച്ചു തരുന്നതായി മന്ത്രി ഡോ.റ്റി. എം. തോമസ് ഐസക്ക് പറഞ്ഞു. സ്നേഹജാലകം വിശപ്പില്ലാ സ്നേഹഗ്രാമം പദ്ധതി ഒരു വർഷം പിന്നിട്ട വേളയിൽ പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണ ശാലയിൽ എത്തി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ക്യാഷ്യറും പണപ്പെട്ടിയും ഇല്ലാത്ത ഭക്ഷണശാലയിൽ ഭക്ഷണം കഴിച്ചതിനു ശേഷം ചാരിറ്റി ബോക്സിൽ ആളുകൾ നിക്ഷേപിച്ച തുക 24,59603 രൂപയാണ്. കല്യാണം, മറ്റു ചടങ്ങുകൾ എന്നിവയ്ക്കായി ക്യാറ്ററിങ് സർവീസ് മുഖേന ഭക്ഷണം നൽകിയ വകയിൽ ലഭിച്ചത് 16,66,295 രൂപയാണ്. സ്പോണ്സർഷിപ്പ് മുഖേന 59,2282 രൂപ ലഭിച്ചു. വിശപ്പ്‌ രഹിത ആലപ്പുഴ പദ്ധതിക്ക് ഭക്ഷണ നൽകിയ വകയിൽ ലഭിച്ചത് 11,60,500 രൂപയാണ്. പദ്ധതി സ്ഥലത്തെ പച്ചക്കറി കൃഷിയിൽ നിന്ന് ലഭിച്ചത് 56,3500 രൂപ. പ്രളയകാലത്തും ഒട്ടേറെ സഹായങ്ങൾ ലഭ്യമായി ജനകീയ ഭക്ഷണ ശാല സുഗമമായി പ്രവർത്തിച്ചു. പ്രളയ കാലത്ത് സ്പോണ്സർഷിപ്പ് വഴി ലഭിച്ചത് 98,6000 രൂപയുടെ പലചരക്കും 31,6000 രൂപയുടെ പച്ചക്കറികളുമാണ്. സർക്കാർ സഹായം ഒന്നും ഇല്ലാതെ തന്നെ 83,86780 രൂപ സ്നേഹജലകം പദ്ധതി വഴി ഒരു വർഷം ലഭിച്ചു എന്നും മന്ത്രി പറഞ്ഞു. പലചരക്ക്, പച്ചക്കറി,മീൻ,വൈദ്യുതി ചാർജ്, വാഹന വാടക ശമ്പളം,പ്രളയകാല ഭക്ഷണവിതരണം,മറ്റു ചിലവുകൾ എന്നിവയടക്കം ഒരു വർഷത്തെ ചിലവ് 85,59,547 രൂപയാണ്. 1,72,767 രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായത്. സർക്കാർ സഹായം ഒന്നും ഇല്ലാതെ തന്നെ ഒരു ഗ്രാമത്തിന്റെ വിശപ്പ്‌ മാറ്റാൻ പദ്ധതിക്ക് സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇത്‌ നഷ്ടമല്ലെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഉപദേശ നിർദേശങ്ങളോട് കൂടി 2018 മാർച്ച് 3 നാണ് സ്നേഹജാലകം ജനകീയ ഭക്ഷണശാല ആരംഭിച്ചത്. ഒരു സ്നേഹജാലകം പ്രവർത്തകൻ ദേശിയ പാതയോരത്തെ തന്റെ സ്ഥലം ഭക്ഷണ ശാലയ്ക്കായി വിട്ടു നൽകി. കെട്ടിടം നിർമ്മിക്കാനും ഭക്ഷണ വിതരണത്തിനുള്ള വണ്ടി വാങ്ങുന്നതിനും സി.എസ്.ആർ.ഫണ്ടിൽ നിന്നും കെ.എസ്.എഫ്.ഇ. പണം അനുവദിച്ചു നൽകി. പൊതുകേന്ദ്രത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം ചൂടാറാത്ത പത്രത്തിൽ പകർന്നു പട്ടിണിയെന്ന തീവ്ര നൊമ്പരത്തെ മുന്നിൽ കണ്ട പാതിരപ്പള്ളി പ്രദേശത്തെ 52 കുടുംബങ്ങൾക്ക് ഒരു വർഷമായി രണ്ടു നേരത്തെ ഭക്ഷണം പ്രവർത്തകർ വീട്ടിൽ എത്തിച്ചു നൽകുന്നു. പ്രതിദിനം 250 കിടപ്പ് രോഗികൾക്കാ ണ് പദ്ധതി വഴി ഭക്ഷണം എത്തിച്ചു നൽകുന്നത്.കിടപ്പ് രോഗിയായ ഒരാൾക്ക് ഒരു വർഷത്തെ ഭക്ഷണം എത്തിച്ചു നൽകാൻ 10,000 രൂപയാണ് ചിലവ് വരുന്നത്. ഒരു ദിവസത്തെ സൗജന്യ ഭക്ഷണ വിതരണത്തിന് മാത്രം 15000 രൂപയിലധികമാണ് ചിലവ്‌. എല്ല ദിവസവും പ്രഭാത ഭക്ഷണത്തോടെ ജനകീയ ഭാഷണശാലയുടെ പ്രവർത്തനം ആരംഭിക്കും. ഉച്ചക്ക് മീൻ കറിയടക്കം സ്വദിഷ്ഠമായ ഊണ്. വൈകിട്ടു മൂന്നിന് കട്ടൻ ചായയും ഇലയടയും. വൈകിട്ട് മീൻ കറിക്കൊപ്പം കപ്പയോ, ചേമ്പോ,കാച്ചിലോ പുഴുങ്ങിയത്.രാത്രി കഞ്ഞിയും ചമ്മന്തിയും തോരനും. ഒരു ദിവസം 1000 ൽ അധികം പേരാണ് ജനകീയ ഭക്ഷണ ശാലയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. നാട്ടിലെ മുന്തിയ ഭക്ഷണ ശാലകളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഭക്ഷണ ശാലയിൽ രണ്ടു നിലകളിലായി ഒരുക്കിയിരിക്കുന്നത്. അരൂർ എം.എൽ.എ. യും ധനമന്ത്രിക്ക് ഒപ്പം ഭക്ഷണം കഴിക്കാൻ ജനകീയ ഭക്ഷണ ശാലയിൽ എത്തി. മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ,സ്നേഹജാലകം സെക്രട്ടറി ബിനുമോൻ,ജോയി സെബാസ്റ്റ്യൻ, എൻ.പി.സ്നേഹജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.