വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറുന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കുന്നമംഗലം സി.ഡബ്ലു.ആര്‍.ഡി.എമ്മില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളില്‍ വയനാടന്‍ ജനത ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആഗോള തലത്തില്‍ വയനാടിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കും. വില്ലേജ് കോഫി പാര്‍ക്ക് അടക്കമുള്ള പദ്ധതികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമാകുന്നതോടെ കര്‍ഷകര്‍ക്ക് ഗുണകരമായ നേട്ടം ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  സി.ഡബ്ല്യൂ.ആര്‍.ഡി.എം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.എ .ബി.അനിത ആമുഖ പ്രഭാഷണം നടത്തി. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി സംബന്ധിച്ച് തിരുവനന്തപുരം തണല്‍ ഡയറക്ടര്‍ എസ്.രാജു, വയനാട്ടിലെ കാലാവസ്ഥ വ്യതിയാനവും, ജലസംരക്ഷണ പ്രവത്തനങ്ങളും എന്ന വിഷയത്തില്‍ സി.ഡബ്ല്യൂ.ആര്‍.ഡി.എം സയന്റിസ്റ്റ് ഡോ.പി.പി.ദിനേശന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേര്‍സണ്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.  പച്ചപ്പ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.യു.ദാസ് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ നന്ദിയും പറഞ്ഞു.