ആലപ്പുഴ: ജാതിക്കും മതത്തിനും അതീതമായി ഒരേ മനസ്സോടെ ജനങ്ങൾ ഒത്തുകൂടുന്ന ജനകീയ ഉത്സവങ്ങളാക്കി ജലമേളകളെ മാറ്റുവാൻ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വരവോടെ സാധിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കുവാൻ സി.ബി.എൽ യാഥാർത്ഥ്യമാവുന്നതോടെ സാധ്യമാവും.സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ മറ്റൊരു മാറ്റത്തിനും സി.ബി.എൽ വഴിവെക്കും.സഞ്ചാരികളെ സംസ്ഥാനത്തേക്ക് കൂടുതൽ ആകർഷിക്കാൻ ചാമ്പ്യൻസ് ലീഗ് നടക്കുന്ന ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനി മുതൽ ഒക്ടോബറിലെ രണ്ടാം ശനി വരെയുള്ള മൂന്ന് മാസ കാലയളവിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.67-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തിന്റേയും സാംസ്‌കാരിക ഘോഷയാത്രയുടേയും സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര ഗാനരചയിതാവായ അനിൽ പനച്ചൂരാൻ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.ആലപ്പുഴക്ക് ലോകത്തിനായി സംഭാവന ചെയ്യാൻ സാധിച്ച മനോഹരമായ അരങ്ങാണ് ജലമേളകളെന്ന് പനച്ചൂരാൻ പറഞ്ഞു.ആലപ്പുഴയിലെ ജനതയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ് വള്ളവും വള്ളംകളിയുമെന്നും തന്റെ വരികളിൽ വള്ളങ്ങളെ പരാമർശിക്കുന്നത് പലപ്പോഴും താൻ അറിയാതെ തന്നെ കടന്നുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.വഞ്ചിപ്പാട്ട് മത്സരത്തിലെ വിജയികൾക്ക് ധനമന്ത്രി തോമസ് ഐസക്കും അനിൽ പനച്ചൂരാനും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷൻ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴയുടെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ ദീർഘനാളത്തെ സമഗ്രസംഭാവനക്ക് കല്ലേലി രാഘവൻപിള്ളയെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ യോഗത്തിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗാപാൽ,മുൻ എം.എൽ.എ മാരായ സി.കെ സദാശിവൻ,കെ.കെ ഷാജു,എ.എ ഷുക്കൂർ,ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ കെ.പി ഹരൺബാബു, ജില്ലാ പൊലീസ് മേധാവി കെ.എം ടോമി,നഗരസഭാ ഉപാദ്ധ്യക്ഷ ജ്യോതിമോൾ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.