*’പരിസ്ഥിതിയും  നിയമവും’ പുസ്തകം പ്രകാശനം ചെയ്തു
പരിസ്ഥിതി സംബന്ധിച്ച നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ മേഖലയിൽ ഇനിയും നിയമനിർമ്മാണം നടത്തണമെന്നും ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയും നിയമവും’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി റിപ്പോർട്ടുകളുടെ അന്തസത്തയെ ജനജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. പാരിസ്ഥിതിക മേഖലയിൽ എന്ത് ചെയ്യാം,എന്ത് പാടില്ലെന്ന അവബോധമുണ്ടാക്കാനാകണം. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളുടെ സംരക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. ബിജുകുമാർ മന്ത്രിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും നിയമാധ്യാപകനുമായ ഡോ. എ. സുഹൃത്കുമാറാണ് പുസ്തകം രചിച്ചിരിക്കുന്നത്. പരിസ്ഥിതി സംബന്ധമായ നിയമങ്ങളിൽ 2019 വരെ ഉണ്ടായിട്ടുള്ള പരിഷ്‌കരണങ്ങളും വിശകലനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മനോജ് കെ. പുതിയവിള പുസ്തക പരിചയം നടത്തി. ഗ്രന്ഥകാരൻ ഡോ. എ. സുഹൃത്കുമാർ, ഡോ. അപർണ എസ്. കുമാർ, റാഫി പൂക്കോം തുടങ്ങിയവർ സംസാരിച്ചു.