സർക്കാരിന്റെ പണം ചെലവഴിക്കുന്നത് പരിശോധിക്കാനുള്ള അവകാശം സി. എ. ജിയ്ക്കുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പ് സംഘടിപ്പിച്ച ”ഓഡിറ്റ് – പുതിയ കാലഘട്ടം പുതിയ കാഴ്ചപ്പാട്” എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ പണം പരിശോധിക്കണോ എന്നതാണ് തർക്കം. ഇതിൽ തർക്കത്തിന്റെയൊന്നും കാര്യമില്ല. ഒരു കമ്പനിയുടെ കണക്കുകൾ പരിശോധിക്കാൻ നിയമപ്രകാരമുള്ള ഓഡിറ്ററുണ്ട്. എന്നാൽ അതടക്കം മുഴുവൻ കണക്കുകളും പരിശോധിക്കാനുള്ള അവകാശം ഭരണഘടന സി. എ. ജിക്ക് ഉറപ്പുനൽകുന്നു.
വരവുചെലവ് കണക്കുകളിലെ പിശകുകളും നടപടിക്രമത്തിലെ വീഴ്ചയും മാത്രമല്ല, പദ്ധതി ലക്ഷ്യം നേടിയോ എന്നത് സംബന്ധിച്ചും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് തയ്യാറാക്കണം. ഇതിന് പരിശീലനവും സ്വയം പഠനവും അത്യന്താപേക്ഷിതമാണ്. ഓഡിറ്റ് വിഭാഗത്തെ ഓഡിറ്റ് കമ്മീഷനായി പുനസംഘടിപ്പിക്കണമെന്ന ആവശ്യം പ്രസക്തമാണെന്ന് ധനമന്ത്രി പറഞ്ഞു.
പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റേയും ചാരിറ്റബിൾ എൻഡോവ്‌മെന്റ് സോഫ്റ്റ്‌വെയറിന്റേയും ഉദ്ഘാടനം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി നിർവഹിച്ചു. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഡി. സാങ്കി ചടങ്ങിൽ സ്വാഗതം പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സംബന്ധിച്ചു.