ചരിത്രത്തിൽ കൈയേറ്റം നടത്താൻ നമുക്ക് അവകാശമില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനത്തിന്റെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളചരിത്രത്തിലെ ഓരോ ഘട്ടത്തെയും പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങൾ ഉള്ള നാടാണ് കൊടുങ്ങല്ലൂർ. പഴമയെ സമന്വയിപ്പിച്ച് കൊണ്ടുള്ള സന്ദേശം രാഷ്ട്രത്തിന് നൽകുകയാണ് ഈ പദ്ധതിയിലൂടെ കൊടുങ്ങല്ലൂർ. സമന്വയത്തിന്റെ വേരുകളിലേയ്ക്കാണ് മുസിരിസ് നമ്മളെ കൊണ്ട് പോകുന്നത്. അതൊരിക്കലും ഏറ്റുമുട്ടലിന്റേതല്ല. കൊടുങ്ങല്ലൂർ പള്ളിയെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശിലാസ്ഥാപനം നടത്തി പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
ആദ്യകാലത്തെ കേരളീയ വാസ്തുശില്പമാതൃകയിലുള്ള പഴയപള്ളി (അകത്തേ പള്ളി) പുനർനിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രാജ്യാന്തരശ്രദ്ധയാകർഷിച്ച മുസിരിസ് പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി പുനർനിർമിക്കുക. പദ്ധതി നടപ്പാകുന്നതോടെ ചേരമാൻ ജുമാമസ്ജിദ് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റും.
1974 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പഴയ പള്ളിക്ക് ചുറ്റുമായി പുതിയ കോൺക്രീറ്റ് വിപുലീകരണ പ്രവർത്തനങ്ങളും കൂട്ടിച്ചേർക്കലുകളും നടന്നിട്ടുള്ളത്. ഇത് പൂർണമായും ഒഴിവാക്കുക എന്നതാണ് പുതിയ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വിലകൂടിയ മരങ്ങളും ഓടുകളും മറ്റും ഉപയോഗിച്ച് സ്ഥാപിതമായ പഴയപള്ളി എല്ലാ പൗരാണിക പ്രൗഢികളും നിലനിർത്തി പുനരുദ്ധരിക്കും. മേൽക്കൂരയിലെ കേടുപാടുകൾ തീർത്ത് കെട്ടിടം ബലപ്പെടുത്തുകയും നശിച്ചുപോയ ചുമരുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുള്ള മേൽക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റി സ്ഥാപിക്കും. ഇതോടൊപ്പം ഭൂഗർഭനിലകളോടുകൂടിയ നിസ്‌കാരഹാളിന്റെ പണിയും ആരംഭിക്കും. 6000 പേർക്കുവരെ ഒരേസമയം നിസ്‌കരിക്കാൻ കഴിയുന്നരീതിയിലാണ് ഇതിന്റെ നിർമാണം. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ജോലികൾ അതിവേഗം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.