കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള ചരിത്രപഠനകേന്ദ്രമാക്കി മുസിരിസിനെ മാറ്റുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം കോട്ടയില്‍ സംഘടിപ്പിച്ച പൈതൃക നടത്തം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ചരിത്രത്തേയും പൈതൃകത്തെയും മനസ്സിലാക്കി പഠിക്കുവാന്‍ മൂന്നോ നാലോ ദിവസത്തെ താമസസൗകര്യം ഒരുക്കി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുക. കുട്ടികള്‍ ക്ലാസ് മുറികളില്‍ മാത്രം ഇരുന്ന് പഠിക്കേണ്ടേവരല്ല. കൊടുങ്ങല്ലൂരിലെ ചരിത്രസ്മാരകങ്ങള്‍ ഓരോ കാലഘട്ടങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ്. മൂന്നോ നാലോ ദിവസത്തെ നടത്തം കൊണ്ട് കേരള ചരിത്രം ഏറെക്കുറെ കുട്ടികള്‍ക്ക് മനസ്സിലാക്കി നല്‍കുക എന്നതാണ് ലക്ഷ്യം. അനൗപചാരിക വിദ്യാഭ്യാസമാണ് ഇതിലൂടെ നടപ്പാക്കുക. കുട്ടികള്‍ക്ക് വിശദമായി മനസ്സിലാക്കാന്‍ കോട്ടപ്പുറം കോട്ടയില്‍ ഒരു കിയോസ്ക് സ്ഥാപിക്കണമെന്ന് മന്ത്രി മുസിരിസ് പൈതൃക പദ്ധതി അധികൃതരോട് നിര്‍ദേശിച്ചു. അനൗപചാരിക ചരിത്ര പഠനോപാധി എന്ന നിലയില്‍ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണ് കോട്ടപ്പുറം കോട്ടയില്‍ നടന്നത്. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, തീരദേശ പൈതൃക ഡയറക്ടര്‍ പ്രൊഫ. ഡോ. കേശവന്‍ വെളുത്താട്ട്, മുസിരിസ് പൈതൃക പദ്ധതി കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്‍റ് ബെന്നി കുര്യാക്കോസ്, ഉപദേശക സമിതി അംഗം റൂബിന്‍ ഡിക്രൂസ്, മുസിരിസ് പ്രൊജക്ട് എം ഡി പി.എം. നൗഷാദ്, കെസിഎച്ച്ആര്‍ ചെയര്‍മാന്‍ പ്രൊഫ. മൈക്കിള്‍ തരകന്‍ എന്നിവര്‍ പങ്കെടുത്തു.