2020 ലെ ബജറ്റിൽ സ്ഥാനം പിടിച്ച് മുസിരിസ് പൈതൃക പദ്ധതി. പദ്ധതി 2020-21 ൽ കമ്മീഷൻ ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റവതരണത്തിനിടെ പ്രഖ്യാപിച്ചു. സ്പൈസസ് റൂട്ട് പദ്ധതിയുടെ സാധ്യതകൾ എടുത്തുപറഞ്ഞാണ് അദ്ദേഹം മുസിരിസ് പൈതൃക പദ്ധതിയിലേക്ക് എത്തിയത്. തുറമുഖ പട്ടണങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പൈതൃക സംരക്ഷണ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. മുസിരിസ് പൈതൃക പദ്ധതി കേവലം ടൂറിസം പദ്ധതി അല്ല. ചരിത്രസ്മാരകങ്ങളിലൂടെയുള്ള ഒരു ചരിത്ര പഠന യാത്ര കൂടിയാണ്. ഇതിന് സ്‌കൂൾ പഠന സംഘങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മുസിരിസ് കമ്പനിയുടെ ലാഭം പ്രയോജനപ്പെടുത്തും. ചൈനയുടെ സിൽക്ക് റൂട്ട് പോലെ കേരളത്തിലെ പുരാതന കാലം മുതലുള്ള രാജ്യാന്തര യാത്രയാണ് സ്പൈസ് റൂട്ട് സർക്യൂട്ടിലെ പ്രമേയം. യുനെസ്‌കോ ഇതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ പൈതൃക പദ്ധതിയ്ക്ക് പുതിയ മാനം കൈവരും. നിലവിൽ 50 കോടിയുടെ പദ്ധതികളാണ് ഇതിന് കീഴിൽ പണി പൂർത്തീകരിക്കുന്നത്. കമ്മീഷൻ ചെയ്യുന്നതോടെ 40 കോടി കൂടി പദ്ധതിയ്ക്കായി അനുവദിച്ചു കിട്ടും. മുനയ്ക്കൽ ബീച്ച് സൗന്ദര്യവത്കരണം, ബൈപ്പാസ് സൗന്ദര്യവത്കരണം എന്നിവ കമ്മീഷൻ ചെയ്യുന്നതോടെ പൂർത്തിയാകും. കനാൽ ഹൗസ്, കൊടുങ്ങല്ലൂർ ടെമ്പിൾ മ്യൂസിയം, ചേരമാൻ പള്ളി, കനാൽ ഹൗസ്, പതിനെട്ടരയാളം കോവിലകം, ഹോളി ക്രോസ് ചർച്ച്, മാർത്തോമ ക്രിസ്ത്യൻ ലൈഫ് മ്യൂസിയം, ഗോതുരുത്ത് ചവിട്ട് നാടക മ്യൂസിയം എന്നിങ്ങനെ വിവിധ പദ്ധതികളാണ് ഇതിന് കീഴിൽ പണി പൂർത്തീകരിക്കുന്നത്.

മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസിരിസ് പൈതൃകസംരക്ഷണ പദ്ധതി. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതിയായാണിത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുതൽ എറണാകുളം ജില്ലയിലെ പറവൂർ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ. കേരള സർക്കാരിന്റെ ആദ്യ ഹരിതപദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല. നിരവധി സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്.