അനുജാതിന്റെ ‘അമ്മയും അയൽപക്കത്തെ അമ്മമാരും’ ജെൻഡർ ബജറ്റ് അവലോകന റിപ്പോർട്ടിന്റെ മുഖചിത്രമാകും. കേരള ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാപകൽ അധ്വാനിക്കുന്ന അമ്മമാരെ പ്രതിനിധീകരിച്ച് അനുജാത് വരച്ച ‘എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും’ എന്ന ചിത്രത്തിന് ശങ്കേഴ്സ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. ചിത്രത്തിന്റെ നിറക്കൂട്ടും മുഗൾശൈലിയെ അനുസ്മരിപ്പിക്കുന്ന കോമ്പോസിഷനും നമ്മുടെ കണ്ണുകളെ ആകർഷിക്കും. പക്ഷേ, എന്റെ മനസ്സിൽ തട്ടിയത് അതല്ല, അമ്മയുടെയും അയലത്തെ അമ്മമാരുടെയും കാണാപ്പണികളാണ് അനുജാത് ചിത്രീകരിച്ചത്. ബജറ്റിനിടയിൽ മന്ത്രി അനുജാതിനെ അഭിനന്ദിച്ചത് ഇപ്രകാരമാണ്. ചുവന്ന പാവാടയും വെള്ള ബ്ലൗസും ധരിച്ച് വിവിധ ജോലികളിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകളുടെ ചിത്രമാണ് ‘എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും’.

തൃശ്ശൂർ ദേവമാതാ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും ചെമ്പുക്കാവ് കുണ്ടുവാര സ്വദേശിയും ചിത്രകാരനായ വിനയ് ലാലിന്റെ ഇളയ മകനുമായ അനുജാത് സിന്ധു ലാലിനെ തേടി ഇതാദ്യമായല്ല അംഗീകാരം എത്തുന്നത്. 2014ൽ പ്രഥമ ക്ലിന്റ് മെമ്മോറിയൽ ഇന്റർനാഷണൽ അവാർഡും കേന്ദ്ര ശിശുവികസന മന്ത്രാലയത്തിന്റെ പുരസ്‌കാരവും അനുജാതിനായിരുന്നു. എൽ കെ ജി മുതൽ ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച അനുജാത് വരയിൽ പകർത്താൻ ശ്രമിച്ചത് ചുറ്റുപാടുകളെയാണ്. അതുകൊണ്ടുതന്നെ അവന്റെ വരകളിൽ മുക്കുറ്റിയും മത്തനിലയും ചേമ്പും അതിന്റെ പൂക്കളും ഇലകളും ആടുകളും മറ്റ് നാടൻ ജീവികളും നിറഞ്ഞു നിന്നു. അനുജാത് കണ്ട അമ്മക്കാഴ്ചകളിൽ നിറയെ ഭാവനയുടെ നിറപ്പകിട്ടിനേക്കാൾ യാഥാർഥ്യത്തിന്റെ കടുംപച്ച നിറങ്ങളാണ്. കലയെ പ്രോത്സാഹിപ്പിച്ചിരുന്ന അമ്മ ഇക്കഴിഞ്ഞ നവംബറിലാണ് ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് മരണമടഞ്ഞത്. ഒമ്പതാമത്തെ വയസ്സിൽ ഈ ചിത്രം അനുജാത് വരച്ചത് മൽസരങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല, സ്വന്തം അമ്മയോടുള്ള അഗാധമായ സ്നേഹം കാരണമാണ്. മത്സരമല്ല കലയുടെ അടിസ്ഥാനമെന്ന് ഡിസൈനറായ അച്ഛൻ വിനയ്ലാലും അനുജാതിന് പറഞ്ഞുകൊടുത്തിരുന്നു. അതിനാൽ മൂന്നുവർഷമായി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കാറില്ല. പതിന്നാലുകാരൻ അനുജാത് സിന്ധു വിനയ്ലാലിന്റെ പേരിനൊപ്പം അമ്മയുടെയും അച്ഛന്റെയും പേരുണ്ട്. 2021ൽ കലയുടെ ആനന്ദം എന്ന പേരിൽ കുട്ടികളുടെ ക്യാമ്പയിൻ നടത്താനുള്ള ശ്രമത്തിലാണ് അനുജാത്. കൂടാതെ ഈ വർഷം ഏപ്രിൽ- മെയ് മാസങ്ങളിൽ ‘എനിക്ക് ചുറ്റും എന്തെല്ലാം കാഴ്ചകൾ’ എന്ന പേരിൽ തൃശൂർ ലളിതകലാ അക്കാദമിയിൽ ലൈവ് ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.

Gender budget
ജെൻഡർ ബജറ്റ് മുഖചിത്രം