കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക്

ആമസോൺ വഴിയും കുടുംബശ്രീ വഴി ആവശ്യക്കാർക്ക് വീടുകളിലും മാറ്റ് എത്തിക്കും
ആലപ്പുഴ : പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ ‘സാനി മാറ്റ്സ്’ കേരളം ഏറ്റെടുക്കണമെന്ന് കയർ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയർ കോർപറേഷൻ സംഘടിപ്പിച്ച വെബ്ബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന കയർ വകുപ്പിന്റെ നൂതന സംരഭമായ സാനി മാറ്റുകളുടെ നിർമ്മാണത്തിലൂടെ തൊഴിൽ മേഖലയിൽ കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ തടുക്കുകൾക്കു കോവിഡ് കാലത്ത് കേരളത്തിലും വിദേശരാജ്യങ്ങളിലും ആവശ്യമേറും. കയർ വകുപ്പിന്റെ പുതിയ ചുവടുവെയ്പ്പ് സമൂഹത്തിൽ പുതിയ ഡിമാൻഡ് സൃഷ്ടിചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജൂൺ മാസത്തിൽ വിപണിയിൽ ഇറക്കിയ സാനി മാറ്റ് ഇതു വരെ ട്രയൽ റൺ നടത്തുകയായിരുന്നു. ഇതിനകം മികച്ച പ്രതികരണം നേടിയ സാനി മാറ്റുകൾ പൊതു വിപണിയിൽ കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടു വെബ്ബിനാർ സംഘടിപ്പിച്ചത്. സാനി മാറ്റുകളെക്കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി.

ചെറുകിട ഉൽപാദകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി വ്യാപാരികൾക്ക് നൽകുന്ന രീതിയാണ് കയർ കോർപറേഷൻ ഇതുവരെ ചെയ്തിരുന്നത്. എന്നാൽ സാനി മാറ്റുകൾ ദേശ വ്യാപകമായി നേരിട്ട് വിപണനം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കയർ കോർപറേഷൻ ഷോ റൂമുകൾ വഴി ഇപ്പോൾ ലഭ്യമാകുന്ന മാറ്റുകൾ കുടുംബശ്രീ സിഡിഎസ് വഴി സംസ്ഥാനത്ത് എല്ലായിടങ്ങളിലും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന് കയർ കോർപ്പറേഷനുമായി സഹകരിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ ഹോം ഷോപ്പിക്കു പുറമെ കൺസ്യൂമർ ഫെഡ്, സിവിൽ സപ്ലൈ ഷോ റൂമുകൾ വഴിയും സാനി മാറ്റുകൾ വിപണിയിൽ എത്തിക്കും.

സാനി മാറ്റുകൾ വിപണിയിൽ എത്തിക്കുവാൻ ഇപ്പോൾ ശൃംഖല ഇല്ല. അതുകൊണ്ടു തന്നെ കേരളത്തിലും പുറത്തും മാറ്റുകൾ വിപണിയിൽ എത്തിക്കുവാൻ വിതരണക്കാരെ ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. താൽപ്പര്യമുള്ളവർ ഈ മാസം അവസാനിക്കും മുൻപ് കയർ കോർപ്പറേഷനെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.

850 രൂപ മുതൽ 5000 രൂപ വരെയുള്ള മാറ്റുകൾ അഞ്ച് വ്യത്യസ്ത മാതൃകയിൽ ലഭ്യമാകും. ഹോൾസെയിൽ വാങ്ങുന്നവർക്ക് 30 % വിലക്കിഴിവിലും മാറ്റുകൾ നൽകും. നിലവിൽ ആമസോൺ വഴി ലഭ്യമാകുന്ന മാറ്റുകൾ കുടുംബശ്രീ വഴി കേരളത്തിൽ എവിടെ വേണമെങ്കിലും എത്തിച്ചു നൽകും. കൂടാതെ കയർ കോർപറേഷൻ വെബ്സൈറ്റ് വഴിയും മാറ്റുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കയർ കോർപറേഷന്റെ ഉൽപ്പന്നങ്ങൾ എന്ന പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുറത്തു പോയി വരുന്നവർ മാറ്റിൽ ചവിട്ടി കാൽ വൃത്തിയാക്കുമ്പോൾ കാലിലൂടെ രോഗ വ്യാപന സാധ്യത ഇല്ലാതാകുമെന്നതാണ് സാനി മാറ്റിന്റെ പ്രത്യേകത. സാനിട്ടൈസെർ നിറച്ച ട്രേയിൽ പ്രകൃതി ദത്ത നാരുകൾ കൊണ്ടു നിർമ്മിച്ച കയർ മാറ്റുകൾ 6 മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനാകും. അണു നശീകരണ ലായനി ഉപയോഗിക്കുന്നതിനാൽ 3 ദിവസം കൂടും തോറും വെള്ളം മാറ്റി ഉപയോഗിക്കുന്നതാകും നല്ലത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജിയിലെ വിദഗ്ധരും, നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നിർമിക്കുന്ന സാനിറ്റൈസർ ലായനിയാണ് ആന്റി കോവിഡ് മാറ്റിൽ ഉപയോഗിക്കുന്നത്. കയർ മാറ്റ്, ട്രേ, സാനിറ്റൈസർ ലായനി എന്നിവ ഒരു കിറ്റായാണ് വിപണിയിൽ എത്തുന്നത്. വീടുകളിലെയും ഓഫീസുകളിലേയും ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് മാറ്റുകൾ രൂപകല്പ്പന ചെയ്തിട്ടുള്ളത്.

കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍, കയര്‍ വകുപ്പ് സെക്രട്ടറി എന്‍. പദ്മകുമാര്‍ ഐഎഎസ്, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ ഡോ. കെ. ആര്‍. അനില്‍, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ വെബ്ബിനാറിൽ പങ്കെടുത്തു.