‘ആംനസ്റ്റി പദ്ധതി 2024’ ഓഗസ്റ്റ് ഒന്നിനു തന്നെ പ്രാബല്യത്തിൽ
സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി ഓഗസ്റ്റ് ഒന്നിനു തന്നെ പ്രാബല്യത്തിൽ. ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ആംനസ്റ്റി പദ്ധതികളിൽ ഏറ്റവും ബൃഹത്തായതും, വ്യാപാര മേഖലയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതുമായ ഒരു പദ്ധതിയാണ് കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ സമഗ്ര കുടിശിക തീർപ്പാക്കൽ പദ്ധതി.
കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. എന്നാൽ പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.
ആംനസ്റ്റി 2024 കുടിശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബിൽ നികുതിയിനത്തിൽ അൻപതിനായിരം രൂപവരെയുള്ള കുടിശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂർണ്ണമായും ഒഴിവാക്കും.
രണ്ടാമത്തെ സ്ലാബായ അൻപതിനായിരം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശികകൾക്ക് നികുതി തുകയുടെ 30% ഒടുക്കിയാൽ മതിയാകും.
മൂന്നാമത്തെ സ്ലാബായ പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശികകൾക്ക് രണ്ടു തരം പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ലാബിൽ, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശികകൾക്ക് നികുതി തുകയുടെ 40 ശതമാനം ഒടുക്കിയാൽ മതിയാകും. ഈ സ്ലാബിൽ ഉള്ള അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശികകൾ തീർപ്പാക്കുന്നതിന് നികുതി തുകയുടെ 50 ശതമാനം ഒടുക്കിയാൽ മതിയാകും.
നാലാമത്തെ സ്ലാബായ ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശികകൾക്കു് രണ്ട് തരം പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ലാബിൽ, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശികകൾക്ക് നികുതി തുകയുടെ 70 ശതമാനം ഒടുക്കിയാൽ മതിയാകും. ഈ സ്ലാബിൽ ഉള്ള അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശികകൾ തീർപ്പാക്കുന്നതിന് നികുതി തുകയുടെ 80 ശതമാനം ഒടുക്കിയാൽ മതിയാകും.
പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരിക്കും. പക്ഷെ പദ്ധതി ആരംഭിച്ച് 60 ദിവസങ്ങൾക്കകം സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ മേൽപറഞ്ഞ ഇളവുകൾ ലഭ്യമാകുകയുള്ളൂ. 60 ദിവസങ്ങൾക്ക് ശേഷം, എന്നാൽ 2024 ഡിസംബർ 31 മുൻപ് അപേക്ഷിക്കുന്നവർക്ക് സർക്കാർ പിന്നീട് വിജ്ഞാപനം ചെയ്യുന്ന പ്രകാരമുള്ള കുറഞ്ഞ ആനുകൂല്യമേ അനുവദിക്കപ്പെടുകയുള്ളൂ.
ആംനസ്റ്റി പദ്ധതി പ്രകാരം കുടിശിക തീർപ്പാക്കുന്നതിന് ഒടുക്കേണ്ട തുക മുൻകൂറായി ഒടുക്കിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടിശികകൾ തീർപ്പാക്കുന്നതിനു ഓരോ നികുതി നിർണ്ണയ ഉത്തരവുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. ഈ പദ്ധതിയിൽ ഭാഗമാകുന്നവർക്കു കുടിശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും, പിഴയിലും പലിശയിലും പൂർണ്ണ ഒഴിവും ലഭ്യമാകുന്നതാണ്. നിയമ വ്യവഹാരങ്ങളിലുള്ള കുടിശികകളും നികുതിയുടെ നിശ്ചിത ശതമാനം ഒടുക്കി തീർപ്പുകല്പിക്കാവുന്നതാണ് .അൻപതിനായിരം രൂപ വരെ നികുതി കുടിശിക ഉള്ളവരെ ഈ പദ്ധതി പ്രകാരം പ്രത്യേകം അപേക്ഷ സമർപ്പിക്കാതെ തന്നെ കുടിശികകൾ തീർപ്പാക്കിയതായി കണക്കാക്കുന്നതാണ്. ഏതെങ്കിലും ഒരു നികുതി നിർണ്ണയ ഉത്തരവുമായി ബന്ധപ്പെട്ട് ടി സ്‌കീം പ്രകാരം ഒടുക്കേണ്ടതായ നികുതി തുക, നികുതിദായകൻ ഇതിനോടകം റവന്യൂ റിക്കവറി നടപടിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഒടുക്കിയിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള നികുതി കുടിശികകളും നികുതിദായകർ പ്രത്യേകം അപേക്ഷ സമർപ്പിക്കാതെ തന്നെ തീർപ്പാക്കിയതായി കണക്കാക്കുന്നതാണ്. ഏതെങ്കിലും ഒരു ഓർഡറുമായി ബന്ധപ്പെട്ട് അപ്പലേറ്റ് അതോറിറ്റി / റിവിഷണൽ അതോറിറ്റി, ട്രിബ്യുണൽ, മറ്റു കോടതികൾ എന്നിവ പുറപ്പെടുവിക്കുന്ന ഓർഡറുകൾക്കനുസൃതമായ മോഡിഫൈഡ് ഓർഡർ ലഭ്യമാകാത്ത പക്ഷം അത്തരം നികുതിദായകർക്കും പെയ്‌മെന്റ് ഇല്ലാതെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നികുതി നിർണ്ണയ ഉത്തരവുകൾ മോഡിഫൈ ചെയ്തു ലഭ്യമായി അറുപതു ദിവസത്തിനകം ഈ പദ്ധതി പ്രകാരമുള്ള തുക ഒടുക്കി കുടിശിക തീർപ്പാക്കാവുന്നതാണ്.
പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in വഴി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.keralataxes.gov.in .