കെഎസ്‌എഫ്‌ഇയിൽ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
കെഎസ്‌എഫ്‌ഇയിൽ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഇതിനായി ‘ആശ്വാസ് 2024’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആഗസ്‌ത് ഒന്നിന് ആരംഭിക്കും. സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്‌എഫ്‌ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നത്.
കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും, വായ്‌പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ് നൽകാനാണ് തീരുമാനം. 2018 ഏപ്രിൽ ഒന്നിനുമുമ്പ് കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക് 50 ശതമാനം പലിശ ഇളവും, വായ്‌പയ്‌ക്ക് 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 40 ശതമാനവും, 2022 ഏപ്രിൽ മുതൽ 2023 മാർച്ച് മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 30 ശതമാനം വീതവും, 2023 മാർച്ച് ഒന്നുമുതൽ 2023 സെപ്‌തംബർ 30 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 25 ശതമാനവും വീതമാണ് ഇളവ് ലഭിക്കുക.
ഭവന വായ്‌പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീർപ്പാക്കാനാകും. മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന് തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും.
ശാഖയിൽനിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ് കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക് ചുമതല നൽകും.
അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല വിരമിച്ച ജഡ്‌ജി, കെഎസ്എഫ്‌ഇയുടെ ഡയറക്ടർ ബോർഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉൾപ്പെട്ട മേഖലയിലെ എജിഎം എന്നിവർ അടങ്ങിയ കമ്മിറ്റിയ്‌ക്കായിരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് മേളകൾ സംഘടിപ്പിക്കും. ഇതിനായി സർവീസിൽനിന്ന് വിരമിച്ച ജഡ്‌ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും.