The first paperless budget in the history of Kerala

കേരള ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ്

 

കേരള ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. നവകേരളത്തിന് ദിശാബോധം പകരുന്ന, അടുത്ത 25 വർഷത്തെ കാഴ്ചപ്പാട് വിശധീകരിക്കുന്ന ബജറ്റ് കൂടിയായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സമഗ്രവും സർവ്വതല സ്പർശിയുമായ ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.

വ്യവസായ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കൊത്തുയർന്ന ഒരു ബജറ്റ് കൂടിയാണിത്. കെ എസ് ഐ ഡി സി, കിൻഫ്ര, പരമ്പരാഗത വ്യവസായങ്ങൾ, കശുവണ്ടിമേഖല, കയർ മേഖല, ഖാദി, കൈത്തറി തുടങ്ങി എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. വകുപ്പിൻ്റെ അഭിമാന പദ്ധതികളിലൊന്നായ സംരംഭക വർഷം നടപ്പിലാക്കാൻ 120 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളും 5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണീ പദ്ധതി. ഇതിന് പുറമെ ഫുഡ് പ്രൊസസ്സിങ്ങ് പാർക്കുകൾ, സ്വകാര്യ വ്യവസായ പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം കഴിഞ്ഞ വർഷത്തേതിൽ നിന്ന് വർധിപ്പിച്ച് 1266.66 കോടി രൂപ ആക്കി, മെഡിക്കൽ ഉൽപ്പന്നങ്ങൾ, മൂല്യമേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, കൃഷി മൂല്യവർധിത ഉൽപാദനം, പരിസ്ഥിതി സൗഹൃദ ഗ്രീൻ മൊബിലിറ്റി ടെക് എന്നിവയ്ക്ക് ഊന്നൽ നൽകി, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് ഹാർഡ്വെയർ ടെക്നോളജീസ് ഹബ്ബും ഇലക്ട്രിക് വാഹനഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഗ്രീൻ മൊബിലിറ്റി ഹബ്ബും സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉൾക്കൊള്ളിച്ചു, ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്കും ഇന്നവേഷൻ ആക്സിലറേഷൻ പദ്ധതിക്കും 7 കോടി രൂപ വീതവും സ്ടാർട്ടപ്പുകളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപയും ബജറ്റിൽ വകയിരുത്തി. വ്യാവസായിക വളർച്ച ഗണ്യമായി വർധിപ്പിക്കുന്നതിന് ഇൻ്റസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകളും സ്വകാര്യ വ്യവസായ പാർക്കുകളും സ്ഥാപിക്കാനുള്ള തീരുമാനവും കേരളത്തിന് മുതൽക്കൂട്ടാകും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും പ്ലാൻ്റേഷൻ മേഖലയ്ക്കുമുൾപ്പെടെ എല്ലാ മേഖലയിലും സർക്കാരിൻ്റെ കരുതൽ തെളിയിക്കുന്നതാണ് ബജറ്റ്.

പാർപ്പിടം, കാർഷിക മേഖല, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ കുടുംബങ്ങളിലെയും ഏതെങ്കിലുമൊരാൾക്ക് സന്തോഷം നൽകാൻ ബജറ്റിന് കഴിയുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിൻ്റെ തുടർച്ചയായി വരുന്ന ഈ സർക്കാരിനും അതേ പാത പിന്തുടർന്ന് ജനകീയ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരിക്കുന്നു.