Four times increase in profit of Kerala Financial Corporation

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭത്തിൽ നാലിരട്ടി വർധന. 2021-22-ൽ ₹13.20 കോടിയായിരുന്ന ലാഭം, 2022-23 ൽ ₹ 50.19 കോടിയായി വർധിച്ചു. വായ്പ ആസ്‌തി ₹ 4750.71 കോടിയിൽ നിന്നും ₹ 6529.40 കോടിയായി വർധിച്ചു. ആദ്യമായാണ് കെ.എഫ്.സി.യുടെ വായ്പ ആസ്‌തി ₹ 5000 കോടി കടക്കുന്നത്. 70 വർഷത്തെ ചരിത്രത്തിലെ മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷം കെ.എഫ്‌.സി. രേഖപ്പെടുത്തിയത്. സ്പെഷ്യൽ റിക്കവറി വഴി ₹ 59.49 കോടി രൂപ സമാഹരിച്ചു.

കെ.എഫ്.സി.യുടെ പലിശ വരുമാനത്തിൽ 38.46% വളർച്ച രേഖപ്പെടുത്തി ₹ 543.64 കോടിയായി വർധിച്ചു. മൊത്തവരുമാനം ₹ 518.17 കോടിയിൽ നിന്നും 2023 മാർച്ച് 31-ൽ 694.38 കോടിയായി. നിഷ്ക്രിയ ആസ്തി ഗണ്യമായി കുറക്കാൻ കഴിഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.27 ശതമാനത്തിൽ നിന്ന് 3.11 ശതമാനമായി കുറഞ്ഞു. കൂടാതെ അറ്റ നിഷ്ക്രിയ ആസ്തി 1.28 ശതമാനത്തിൽ നിന്ന് 0.74 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞവർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി കെ.എഫ്‌.സി. ₹ 3207.22 കോടി വായ്പ അനുവദിച്ചു. മൊത്തം വായ്പ വിതരണം ₹ 3555.95 കോടിയാണ്. 49 സ്റ്റാർട്ടപ്പുകൾക്ക് ‘സ്റ്റാർട്ടപ്പ് കേരള’പദ്ധതിയിൽ 59.91 കോടി വായ്പ നൽകി. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ പ്രകാരം 2404 സംരഭങ്ങൾക്കു 5% വാർഷിക പലിശ നിരക്കിൽ മൊത്തം ₹ 472 കോടി വായ്പ നൽകി.