കൊല്ലം ജൈവവൈവിധ്യ വിനോദസഞ്ചാര സർക്യൂട്ടിന് -10.19 കോടി രൂപ
അഷ്ടമുടിക്കായൽ മുതൽ തെന്മലവരെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ജൈവവൈവിധ്യ വിനോദസഞ്ചാര സർക്യൂട്ട് യാഥാർഥ്യമാകാൻ പോവുകയാണ്. കൊല്ലം ജില്ലയിലെ ടൂറിസം വികസനത്തിൽ ഇതൊരു നാഴികക്കല്ലായിരിക്കും. അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, മുട്ടറ മരുതിമല എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട പദ്ധതി ഉടൻ ടെൻഡർ നടപടികളിലേക്കു കടക്കും. 18 മാസത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കും. അഷ്ടമുടി, മൺറോതുരുത്ത്, മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ മേഖലകളാണ് കൊല്ലം ജൈവവൈവിധ്യ വിനോദസഞ്ചാര സർക്യൂട്ടിൽ ഉൾപ്പെടുന്നത്.
അഷ്ടമുടിക്കായൽ എന്ന റാംസർ സൈറ്റിന്റെയും അതുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന അഷ്ടമുടിക്കായൽ ഇന്റർപ്രട്ടേഷൻ സെന്റർ, തെന്മലയിൽ കാരവൻ സ്റ്റേഷൻ, കൊട്ടാരക്കര ക്ലസ്റ്ററിൽ മുട്ടറ മരുതിമലയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ളവ സൗകര്യങ്ങളാണ് നടപ്പിലാക്കുക.
10.19 കോടി രൂപയുടെ പദ്ധതികൾക്കാണ് കൊല്ലം ജൈവവൈവിധ്യ വിനോദസഞ്ചാര സർക്യൂട്ടിന്റെ ഭാഗമായി അനുമതി ലഭിച്ചിരിക്കുന്നത്.