ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചു. ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ് നൽകിയത്. ഈവർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി.
ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിക്കാണ്.