The aim is to increase the participation of women in the police force

കേരള പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1328 വനിതകളെ പോലീസിലേക്ക് റിക്രൂട്ട് ചെയ്തു. ഈ സർക്കാരിന്റെ കാലയളവിൽ ഇതുവരെയായി 296 പേരെ എടുത്തുകഴിഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ്, പ്രത്യേക പോലീസ് ബറ്റാലിയൻ എന്നിവയെല്ലാം അനുവദിച്ചിട്ടുണ്ട്.

കുറ്റാന്വേഷണം, നിയമ പരിപാലനം എന്നീ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി പോലീസിൽ വനിതകൾ മാറിക്കഴിഞ്ഞു. സ്ത്രീകൾ പരാതികളുമായി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അത് സഹാനുഭൂതിയോടെ പരിഗണിക്കുന്ന വനിതാ പോലീസ് പൊതുജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കൃത്യമായ നിയമ പരിപാലനത്തിന് ഒപ്പം ലാളിത്യം, സൗമ്യത എന്നിവ സേനയുടെ മുഖമുദ്രയാക്കുന്നതിൽ വനിതകൾ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ, പൊലീസിലെ മറ്റ് മേഖലകളിലേക്ക് കൂടി വനിതകൾ പങ്കാളിത്തം വർധിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രതികളെ ഒറ്റയ്ക്ക് ചോദ്യം ചെയ്യൽ, ഇൻക്വസ്റ്റ് തയ്യാറാക്കൽ, കോടതി ഡ്യൂട്ടി, സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള സൈബർക്രൈം, ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ കൂടുതൽ വനിതാ പോലീസുകാർ എത്തേണ്ടതുണ്ട്. എങ്കിലേ പോലീസിലെ ലിംഗനീതി മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാൻ ആവുകയുള്ളൂ.
ജോലിക്കിടയിൽ വനിതാ പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാര നിർദേശങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് കേരള പോലീസ് രണ്ടു ദിവസത്തെ സംസ്ഥാനതല വനിതാസംഗമമായ ‘ഉയരെ’ സംഘടിപ്പിച്ചിട്ടുണ്ട് . വനിതാ പോലീസുകാർ ഡ്യൂട്ടിക്കിടയിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായാൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ചവെക്കാൻ സാധിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 184 വനിതാ പോലീസുകാരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.