medisep

സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ‘മെഡിസെപ് ‘. പദ്ധതി ആരംഭിച്ച് പത്ത് മാസ കാലയളവിനുള്ളിൽ ഏകദേശം 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാൻ കഴിഞ്ഞു.

ആകെ 2,20,860 ക്ലെയിമുകളിലായി 591,42,70,739 രൂപയുടെ പരിരക്ഷയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 18,153 എണ്ണവും അംഗീകരിച്ച തുക 39,52,04,198 രൂപയുമാണ്. സ്വകാര്യമേഖലയിൽ 202,707 ക്ലെയിമുകളിലായി 551,90,66,541 രൂപ അംഗീകരിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 110 എണ്ണവും തുക 1,43,84,497 രുപയും, സ്വകാര്യം മേഖലയിൽ 1743 ക്ലെയിമുകളും തുക 36,74,22,431 രൂപയുമാണ്.

സ്വകാര്യമേഖലയിലെ ആശുപത്രികളിൽ തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 7943 ക്ലെയിമുകളിലായി 22,71,92,939 രൂപ അംഗീകരിച്ചു. കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 4771 ക്ലെയിമുകളിലായി 14,27,98,201 രൂപ അംഗീകരിച്ചു. കണ്ണൂർ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 4260 ക്ലയിമുകളിലായി 14,46,98,777 രൂപയും തിരുവല്ല ബിലീവേഴ്സ് ചർച്ച മെഡിക്കൽ കോളേജ് തിരുവല്ല 3945 ക്ലെയിമുകളിലായി 8,18,46,661 രൂപയും എറണാകുളം അപ്പോളോ അടൂലക്‌സ് ഹോസ്പിറ്റൽ 3741 ക്ലെയിമുകളിലായി 8,79,13,475 രൂപയും അംഗീകരിച്ചു.

സഹകരണ മേഖലയിലെ ആശുപത്രികളിൽ കൊല്ലം എൻ .എസ്.ഹോസ്പിറ്റൽ 6218 ക്ലെയിമുകളിലായി 21,37,23,473 രൂപ അംഗീകരിച്ചു. കണ്ണൂർ എകെജി ഹോസ്പിറ്റൽ 5301 ക്ലെയിമുകളിലായി 11,97,98,226 രൂപ അംഗീകരിച്ചു.

സർക്കാർ മേഖലയിലെ ആശുപത്രികളിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി 2300 ക്ലെയിമുകളിലായി 6,00,56,400 രൂപയും തിരുവനന്തപുരം ജനറൽ ആശുപത്രി 740 ക്ലെയിമുകളിലായി 1,55,67,905 രൂപയുമാണ് അംഗീകരിച്ചത്.

സ്വയംഭരണ മേഖലയിലെ ആശുപത്രികളിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ 3041 ക്ലെയിമുകളിലായി 7,10,14,724 രൂപ അംഗീകരിച്ചു.

പദ്ധതിയെ കുറിച്ച് മെച്ചപ്പെട്ട അവഗാഹം നൽകുന്നതിന്റെ ഭാഗമായി മെഡിസെപ് വെബ് പോർട്ടൽ ആരംഭിക്കുകയും ഹാൻഡ് ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ട് മെഡിസെപ് മൊബൈൽ ആപ്പും ആരംഭിച്ചു.