199.25 crore has been sanctioned to Supplyco for transportation cost of ration goods

റേഷൻ സാധനങ്ങളുടെ ഗതാഗത ചെലവിനത്തിൽ സപ്ലൈകോയ്ക്ക് 199.25 കോടി അനുവദിച്ച് ഉത്തരവായി

2022-23 വർഷത്തെ റേഷൻ സാധനങ്ങളുടെ ഗതാഗത കൈകാര്യ അനുബനന്ധ ചെലവിനത്തിൽ സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശികയായ 199.25 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങൾ നോഡൽ ഏജൻസിയായ സപ്ലൈകോ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടർമാർ മുഖേനയാണ് റേഷൻ കടകളിൽ എത്തിക്കുന്നത്. ഗതാഗത ചെലവിനത്തിൽ കോൺട്രാക്ടർമാർക്ക് പ്രതിമാസം നൽകേണ്ട തുക സപ്ലൈകോ മുൻകൂറായി നൽകിയ ശേഷം സർക്കാരിൽ നിന്നും റീഇംബേഴ്സ്മെന്റ് ചെയ്യുന്ന രീതിയാണ് നിലവിൽ തുടർന്ന് വരുന്നത്. കേന്ദ്ര വിഹിതം, സംസ്ഥാന വിഹിതം, അധിക സംസ്ഥാന വിഹിതം, നോൺ എൻ.എഫ്.എസ്.എ എന്നീ ഹെഡുകളിൽ നിന്നാണ് ഗതാഗത കൈകാര്യ അനുബന്ധ ചെലവുകൾക്കുള്ള തുക കണ്ടെത്തുന്നത്. അധിക സംസ്ഥാന വിഹിതമായ 116.34 കോടി രൂപയും നോൺ എൻ.എഫ്.എസ്.എ സംസ്ഥാന പദ്ധതി പ്രകാരമുള്ള 69.29 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര – സംസ്ഥാന വിഹിതമായ 63.62 കോടിയിൽ കുടിശ്ശികയുണ്ടായിരുന്ന 13.62 കോടി രൂപയും അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ക്രിസ്തുമസിനോടനുബന്ധിച്ചുള്ള വിപണി ഇടപെടലിനായി 17.63 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.