ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നത്.
വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ തടയാനും വ്യാപാരികൾക്ക് അവരുടെ വാണിജ്യ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി.
നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് . ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.
ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോർച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കും. സംസ്ഥാനത്ത് അപൂർവമായെങ്കിലും ബിൽ അടച്ച് നികുതി വാങ്ങിയശേഷം നികുതി സർക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. ‘നികുതി നമുക്കും നാടിനും’ എന്നതാണ് ലക്കി ബിൽ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സംസ്ഥാന ഖജനാവിൽ എത്തിയത്. ഈ വർഷം അതിൽ കൂടുതൽ നികുതിയാണ് പ്രതീക്ഷിക്കുന്നത്.
ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്.