സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വർക്ക് നിയർ ഹോമുകൾ ആരംഭിക്കുന്നത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിസ് കൗൺസിലും (കെ-ഡിസ്‌ക്) കേരള നോളഡ്ജ് ഇക്കണോമി മിഷനും ചേർന്നു വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി കൺസൾട്ടേഷൻ ശിൽപ്പശാല സംഘടിപ്പിച്ചു. ഐ.ടിക്കു പുറമേ ഇലക്ട്രോണിക്സ്, ഫിനാൻസ്, ബാങ്കിങ്, അഗ്രികൾച്ചർ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വർക്ക് നിയർ ഹോം പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് വർക്ക് നിയർ ഹോം പദ്ധതി ആരംഭിക്കുന്നത് വഴി ഇത്തരം മേഖലകളിലെ ജോലിസാധ്യത പ്രയോജനപ്പെടുത്താൻ കഴിയും.ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇതിനായി മുൻകൈയെടുക്കണം. പ്രാദേശിക സൗകര്യങ്ങളുണ്ടെങ്കിൽ വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കും. കമ്പനികൾ തയാറായാൽ ആറു മാസത്തിനകം പദ്ധതി യാഥാർഥ്യമാക്കാനാകും. നോളജ് എക്കോണമി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഡിസ്ട്രിക്ട് സ്കിൽ പാർക്കുകളിൽ ഭാവി സംരംഭകർക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വർഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും ഉൾപ്പടെ 350 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്. ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്കിൽ പാർക്ക് വീതം സ്ഥാപിക്കുന്നതിനായി കിഫ്ബിയിൽ നിന്നും 140 കോടി വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി യുവാക്കളുടെ മാനവവിഭവ വികസനത്തിനും പരിശീലനത്തിനുമായി 49 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തൊഴിലിന്റെ സ്വഭാവത്തിൽ ലോകമാകെ വലിയ മാറ്റങ്ങൾ വരികയാണ്. വിജയിക്കുന്ന മോഡലുകളാണ് തൊഴിൽ മേഖലയ്ക്ക് ഇനി ആവശ്യം. ഇപ്പോഴത്തെ ജോലികൾ പലതും ഭാവിയിൽ ഇല്ലാതാകുകയും പുതിയ ജോലികൾ വരികയും ചെയ്യും. പല മേഖലയിലും ആദ്യം എത്തുന്നവർക്കാണ് ഗുണഫലങ്ങൾ ഏറെ കിട്ടുക. വർക്ക് നിയർ ഹോമുകളുടെ കാര്യത്തിലും ആദ്യം എത്തുന്നവർക്കു കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.