സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് 2022 ജൂലൈ 1ന് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പോൾ 2,96,680 ക്ലെയിമുകളിലൂടെ ഉറപ്പാക്കിയത് ₹ 719 കോടിയുടെ ചികിത്സ ആനുകൂല്യം. ഈ തുക 479 ആശുപത്രികൾക്കായി കൈമാറി. കേരളത്തിന് പുറത്ത് ചെന്നൈ, തിരുപ്പൂർ, കോയമ്പത്തൂർ, മാംഗ്ലൂർ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ആശ്രുപത്രികളും മെഡിസെപ്പിൽ സഹകരിക്കുന്നുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്ലെയിം റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 48,072 കേസുകൾ. ഏറ്റവും കുറവ് ചെന്നൈയിൽ ആണ്. ജൂൺ വരെയുള്ള കണക്ക് അനുസരിച്ച് ആകെ 11,08,924 ഗുണഭോക്താക്കളും 18,72,073 ആശ്രിതരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
കരൾ, കിഡ്നി, ഹൃദയം, മജ്ജ, കാൽമുട്ട്, ഇടുപ്പ് എല്ല് എന്നിങ്ങനെ അവയവമാറ്റ ശസ്ത്രക്രിയകൾക്കായി 1912 പേർക്ക് ₹ 38.62 കോടി അനുവദിച്ചു. 67,089 ഹിമോ ഡയാലിസിസ് ക്ലെയിമുകൾക്കായി ₹ 10.06 കോടിയും 33,310 തിമിര ശസ്ത്രക്രിയ ക്ലെയിമുകൾക്ക് ₹ 67.42 കോടിയും, 11,891 ശ്വാസകോശ അണുബാധ ക്ലെയിമുകൾക്കായി ₹ 26.28 കോടിയും, ഗ്യാസ്ട്രോ രോഗങ്ങൾക്കുള്ള 4,183 ക്ലെയിമുകൾക്കായി ₹ 6.66 കോടിയും 3478 ന്യുമോണിയ ക്ലെയിമുകൾക്കായി ₹ 10.2 കോടിയും 4165 മൂത്രാശയ അണുബാധകൾക്കായി ₹ 8.30 കോടിയും നേത്രരോഗങ്ങൾക്കായി 4107 ക്ലെയിമുകൾക്കായി 6.30 കോടി രൂപയും 3593 രക്താദിമർദ്ദ ക്ലെയിമുകൾക്കായി 7.08 കോടിയും 31,084 മറ്റിതര ഗുരുതര രോഗങ്ങൾക്കായി ₹ 97.59 കോടിയും അനുവദിച്ചു.
ഗുണഭോക്താവിനും പരിരക്ഷലഭിക്കുന്ന കുടുംബാംഗങ്ങൾക്കുമായി ₹ 500 വീതം 12 മാസതവണയായി ₹ 6000 ആണ് പ്രീമിയം. മെഡിസെപുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 1800 425 1857, 1800 425 0237 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.