കേരളത്തിലെ ആദ്യത്തെ ഗവൺമെന്റിന്റെ കാലം മുതലിങ്ങോട്ട് സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചുവരുന്നുണ്ട്. ഓരോ ഗവൺമെന്റിന്റെ കാലാവധി കഴിയുമ്പോഴും തൊട്ടുമുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടിയ പൊതുകടം ഉണ്ടായി വരുന്നു. അടിസ്ഥാനസൗകര്യ മേഖലയിൽ സർക്കാർ നടത്തുന്ന വൻ നിക്ഷേപങ്ങളും, ശമ്പളവും പെൻഷനുമായി നൽകുന്ന വലിയ വിഹിതവും പലപ്പോഴും ആകെ റവന്യൂ വരുമാനത്തെ അധികരിക്കുന്നു എന്നതാണ് യാഥാർഥ്യം. ചെലവ് വരുമാനത്തെ അധികരിക്കുമ്പോൾ കടമെടുത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ നടത്തുക എന്നത് എല്ലാ ഗവൺമെന്റുകളും സ്വീകരിച്ചുവരുന്ന രീതിയാണ്.
എന്നാൽ വർദ്ധിച്ചു വരുന്ന പൊതു കടത്തെ യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് എൽഡിഎഫ് ഗവൺമെന്റുകൾക്കാണ് എന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാവുന്നതാണ്.
2011-16 ലെ UDF ഗവൺമെന്റിന്റെ കാലത്ത് മുൻ ഗവൺമെന്റിന്റെ കാലത്തേക്കാൾ 76 % കടം വർധിക്കുകയുണ്ടായി. എന്നാൽ 2016-21 LDF കാലത്ത് 62% വർധനവ് മാത്രമാണ് ആകെ കടത്തിലുണ്ടായത്. രണ്ടു പ്രളയങ്ങളും നിപ്പയും, ഏതാണ്ട് ഒരു വർഷത്തിലധികം കാലം സാമ്പത്തിക മേഖലയെയാകെ സ്തംഭിപ്പിച്ച കോവിഡും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടും സാമ്പത്തിക രംഗത്തെ തകർച്ച കൂടാതെ മുന്നോട്ടു നയിക്കാൻ എൽഡിഎഫ് ഗവൺമെന്റിന് കഴിഞ്ഞു. 2011-16 കാലത്ത് പൊതു കടത്തിലുണ്ടായ ശരാശരി വാർഷിക വളർച്ച നിരക്ക് 15.2 % ആയിരുന്നെങ്കിൽ 2016-21 കാലത്ത് അത് 14 % മാത്രമാണ്.
മുൻകാലങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. 2001-06 ലെ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് കടത്തിൽ ഉണ്ടായ വർദ്ധനവിനേക്കാൾ കുറവായിരുന്നു 2006-11 ലെ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്തുണ്ടായ വർദ്ധനവ്.
അർഹമായി നൽകേണ്ട സാമ്പത്തിക വിഹിതം നിഷേധിച്ചും വെട്ടിക്കുറച്ചും കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റിനെ വരിഞ്ഞു മുറുക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം ആക്രമിക്കുന്നത് സംസ്ഥാന ഗവൺമെന്റിനെയാണ് എന്നതാണ് വിരോധാഭാസം. കോവിഡിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ ഖജനാവിനെ മുടക്കമില്ലാതെ കൊണ്ടുപോകുന്ന സർക്കാരിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പ്രതിപക്ഷത്തിന്.
കണക്കുകൾ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും വസ്തുതകൾ മനസ്സിലാക്കാമെന്നിരിക്കെ ജനങ്ങളാകെ ഈ പ്രതിസന്ധി കാലത്ത് സർക്കാരിനൊപ്പം നിൽക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.