കെപിപിഎല്ലിന് 25 കോടി അനുവദിച്ചു
കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡി(കെപിപിഎൽ)ന് സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപകൂടി അനുവദിച്ചു. കമ്പനി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്നാണ് തുക ലഭ്യമാക്കുന്നത്. കമ്പനിക്കായി ഈവർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള നാലു കോടിയും, അധിക ധനാനുമതിയായി 21 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചത്.
കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ടെണ്ടറിൽ പങ്കെടുത്താണ് സംസ്ഥാനം ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന പേരിൽ പുനരുദ്ധരിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം 129.89 കോടി രൂപ സംസ്ഥാന സർക്കാർ കമ്പനിയുടെ പുനരുദ്ധാരണത്തിന് നൽകേണ്ടിയിരിന്നത്. അതിൽ 106 കോടി രുപ ഇതിനകം ലഭ്യമാക്കി.