കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ ( KFC ) മൊബൈൽ ആപ്ലിക്കേഷന്റെയും നവീകരിച്ച വെബ്സൈറ്റിന്റെയും പുതിയ ലാർജ് ക്രെഡിറ്റ് ബ്രാഞ്ചിന്റെയും (LCB) പ്രവർത്തനം ആരംഭിച്ചു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 70 വർഷ ചരിത്രത്തിലെ മികച്ച പ്രകടനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. 2021- 22 സാമ്പത്തിക വർഷത്തിൽ 13.20 കോടി രൂപയായിരുന്ന ലാഭം, നാലിരട്ടി വർദ്ധിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ 50.19 കോടി രൂപയായി ഉയർന്നു. വായ്പാ ആസ്തി 37.44% വളർന്ന് 6529.40 കോടി രൂപയായി. ആദ്യമായാണ് കെ.എഫ്.സി.യുടെ വായ്പാ ആസ്തി ഒരു സാമ്പത്തിക വർഷം 5000 കോടി രൂപയ്ക്കു മുകളിലെത്തുന്നത്. വ്യവസായ രംഗത്തെ പ്രവർത്തന മികവിൻ്റെ സൂചകമായ മൊത്ത നിഷ്ക്രിയ ആസ്തി 3.11 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.74 ശതമാനമായും കുറഞ്ഞു. അടുത്ത രണ്ട് വർഷം കൊണ്ട് വായ്പാ ആസ്തി 10000 കോടി രൂപയായി ഉയർത്താനാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്.
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കൂടുതൽ വായ്പകൾ നൽകുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകൾ തിരുവനന്തപുരത്തും, എറണാകുളത്തും ആരംഭിച്ചു. നിലവിലുള്ള 16 ശാഖകളെ എം.എസ്.എം.ഇ. ക്രെഡിറ്റ് ശാഖകളാക്കി ഉയർത്തും.