കേരള ഗ്രാമീൺ ബാങ്കിന് അധിക മൂലധനമായി കേരളം 94.12 കോടി രൂപ നൽകി
കേരള ഗ്രാമീൺ ബാങ്കിന് അധിക മൂലധനമായി കേരളം 94.12 കോടി രൂപ നൽകി. ഇതിനായി പണം നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബാങ്കിന്റെ മൂലധന പര്യാപ്തത (CRAR) 6.95 ൽനിന്ന് 11 ശതമാനമായി ഉയർന്നു. അധിക മൂലധന നിക്ഷേപത്തിലൂടെ ബാങ്കിന്റെ വായ്പാ പ്രവർത്തനങ്ങൾ ശാക്തീകരിക്കാനാകും. ഇത് കേരളത്തിലെ കാർഷിക, ചെറുകിട വ്യവസായ രംഗത്തും, സംരംഭക മേഖലയിലും ബാങ്കിന്റെ വായ്പാ നിക്ഷേപം ഉയർത്തും.
കേന്ദ്ര സര്‍ക്കാരിന് 50 ശതമാനവും സ്പോണ്സര് ബാങ്കിന് 35 ശതമാനവും കേരള സര്‍ക്കാരിന് 15 ശതമാനവുമാണ് ഗ്രാമീണ്‍ ബാങ്കിലെ ഓഹരി. മൂലധന പര്യാപ്തത ഒമ്പതു ശതമാനമായി നിലനിര്‍ത്താന്‍ ഓഹരി പൊതുവില്‍പ്പന വേണമെന്നും, സ്വകാര്യപങ്കാളിത്തത്തിലൂടെ കടപ്പത്രം വഴിയോ മറ്റോ പണം സമാഹരിക്കണമെന്നുമൊക്കെ ചില കേന്ദ്രങ്ങളിൽനിന്ന് പ്രചാരണമുണ്ടായ സമയത്താണ് ബാങ്ക് പൊതുമേഖലയിൽ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ ഇടപെട്ടത്. അത് നടപ്പിലായതോടെ ബാങ്കിലെ സംസ്ഥാന സര്‍ക്കാർ ഓഹരി പങ്കാളിത്തം പൂർണതോതിൽ നിലനിർത്താനായി. സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പൊതുമേഖലാ സ്ഥാപനമായി കേരള ഗ്രാമീണ ബാങ്കിനെ തുടർന്നും നിലനിർത്താൻ ഈ ഇടപെടൽ സഹായിക്കും.