കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും
കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോർപറേഷനും ട്രാൻസാക്ഷൻ അഡ്വയ്സറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആൻഡ് യങ്ങും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.
മത്സ്യടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ആദ്യത്തെ ബൃഹത്ത് സംരംഭമാണ് കൊല്ലത്ത് യാഥാർത്ഥ്യമാകുന്നത്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ സമുദ്ര തീരത്തെയും, സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രിയവും സാംസ്‌കാരികവുമായ നിലയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറും.
സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രിയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപ്പന. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സമുദ്രത്തിന്റെ ജൈവ പൈതൃകത്തെ അതിന്റെ സങ്കീർണ്ണമായ ശാസ്ത്രീയ രഹസ്യങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഒരു വിദ്യാദ്യാസാനുസൃത കേന്ദ്രമായും ‘ഓഷ്യനേറിയം പ്രവർത്തിക്കും.
മത്സ്യ പവിലിയനുകൾ, ടച്ച് ടാങ്കുകൾ, തീം ഗാലറികൾ, ടണൽ ഓഷ്യനേറിയം, ആംഫി തിയറ്റർ, സൊവിനിയർ ഷോപ്പുകൾ, മൾട്ടി മീഡിയ തിയറ്റർ, മറൈൽ ബയോളജിക്കൽ ലാബ്, ഡിസ്പ്ലേ സോൺ, കഫറ്റേറിയ എന്നിവയൊക്കെയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഗവേഷകർക്കും പഠന കേന്ദ്രവും തുറക്കപ്പെടും.