Additional Rs 211 crore allocated to local self-government bodies

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോ ഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും അനുവദിച്ചു.
കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,433 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചു.