Again state government assistance for national highway development

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ സഹായം

2 ദേശീയപാത നിർമ്മാണത്തിന്റെ ജി എസ് റ്റി വിഹിതവും, റോയൽറ്റിയും ഒഴിവാക്കും

ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസർക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് (NH 544), കൊല്ലം – ചെങ്കോട്ട (NH 744) എന്നീ പാത നിർമാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തിൽ തീരുമാനമായത്. രണ്ടു പാതകളുടെ നിർമ്മാണത്തിനും ജി എസ് റ്റി വിഹിതവും , റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. രണ്ടു പാത നിർമ്മാണങ്ങൾക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക.

44.7 കിലോ മീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. NH 744 ൽ 61.62 കിലോ മീറ്ററിൽ കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമ്മാണമാണ് നടക്കുന്നത്. ഇതിന് ജി എസ് റ്റി വിഹിതവും, റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ രണ്ടു ദേശീയ പാതാ നിർമ്മാണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും.

നേരത്തെ ദേശീയപാത – 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഈ രണ്ട് ദേശീയപാതാ പ്രവൃത്തികളും മുന്നോട്ടു കൊണ്ടു പോകും.