നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയ്ക്ക് നിയമ പ്രാബല്യം നൽകുന്ന നികുതി നിയമ ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി
സംസ്ഥാനത്തെ 21,000 വ്യാപാരികൾക്ക് ആശ്വാസകരമാകുന്ന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയ്ക്ക് നിയമ പ്രാബല്യം നൽകുന്ന നികുതി നിയമ ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി. 2024-ലെ കേരള ടാക്സേഷൻ നിയമ (ഭേഗദതി) ബില്ലാണ് നിയമസഭ പാസ്സാക്കിയത്. ഈ ബില്ല് നിയമമാകുന്നതോടെ മനഃപൂർവമല്ലാത്ത കാരണത്താൽ നികുതി കുടിശ്ശിക നിയമ നടപടികൾക്ക് വിധേയരായിട്ടുള്ള 21,000 ൽ പരം വ്യാപാരികൾക്ക് ആംനസ്റ്റി പദ്ധതി പ്രയോജനം ലഭ്യമാകും.
നിർദിഷ്ട സമയത്തിന് ശേഷം ഇൻപുട്ട് ടാക്സ് ക്രഡിറ്റ് എടുത്തവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ജി.എസ്.ടി നോട്ടീസുകളുടെ സമയപരിധി (സെക്ഷൻ 74 എ നോട്ടീസ്) ഏകീകരിച്ച് മൂന്നര വർഷമാക്കി. ട്രിബ്യൂണൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഇ.എൻ.എയുടെ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നികുതി അവകാശം സംസ്ഥാന നികുതിയിൽ തന്നെ നിലനിർത്തുന്നതിനായി, ഇ.എൻ.എ ജി.എസ്.ടിയ്ക്ക് പുറത്താണെന്ന് വ്യക്തമാക്കുന്ന ഭേഗദതിയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജി.എസ്.ടിയ്ക്ക് പുറത്തുള്ള രണ്ട് സെക്ഷനുകൾ കൂടി ഈ ബില്ലിലുണ്ട്. ആംനസ്റ്റിയിലെ ചില കാര്യങ്ങൾ വ്യക്തത വരുത്തുന്നതിനാണിവ. 2008-ലെ ഫിനാൻസ് ആക്ട് വഴി കൊണ്ടുവന്ന സോഷ്യൽ സെക്യൂരിറ്റി സെസ്സ്, അസെസ്സ്മെന്റിൽ വിനിയോഗിക്കാത്ത പെനാൽറ്റി (50000 രൂപയിൽ താഴെയുള്ള നികുതിയോ സർചാർജ്ജോ ആയി ബന്ധപ്പെട്ടത്) ഒഴിവാക്കുന്നത് സംബന്ധിച്ച് 2024-ലെ ആംനസ്റ്റി നിയമത്തിലെ ഭേഗദതി. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബിൽ അവതരിപ്പിച്ചു.