പ്രാദേശികതലത്തിൽ തൊഴിൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ‘വർക്ക് നിയർ ഹോം’ പദ്ധതി
വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം പദ്ധതി കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ ഒരുങ്ങുന്നു. വിജ്ഞാനാധിഷ്ഠിത, വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വിദൂരമായി ജോലികൾ ചെയ്യുന്നതിനുള്ള വർക്ക് സ്പെയ്സുകളുടെ ഒരു ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക ലക്ഷ്യമിട്ടാണ് വർക്ക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. മൂന്ന് വർഷം കൊണ്ട് ഒരു ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ സാധ്യമാക്കുകയാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളി സൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമുള്ള സർക്കാർ പ്രവർത്തങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും പ്രവർത്തിക്കാനുള്ള സൗകര്യം വർക്ക് നിയർ ഹോം പദ്ധതിയിലൂടെ ലഭിക്കും. തൊഴിൽ ഡിമാന്റുകൾക്ക് അനുസരിച്ചുള്ള നൈപുണ്യ പരിശീലനത്തിനും ഐടി മേഖലകളിലെ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കാനും വർക്ക് നിയർ ഹോം വഴിയൊരുക്കുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനു സമീപത്തെ ബിഎസ്എൻഎൽ കെട്ടിടമാണ് വർക്ക് നിയർ ഹോം പദ്ധതിയുടെ ആദ്യ ഹബ്ബ്, രണ്ട് നിലകളിലായി 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 220 പേർക്ക് ജോലി ചെയ്യാൻ സൗകര്യമുണ്ടാകും. മണിക്കൂർ, ദിവസ, മാസ അടിസ്ഥാനത്തിലാകും വാടക കണക്കാക്കുന്നത്. ഓഫീസ് കോ-വർക്കിംങ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫറ്റേരിയയും അതിവേഗ ഇന്റർനെറ്റ് സൗകര്യവും വർക്ക് നിയർ ഹോമുകളിൽ ലഭ്യമാകും.
നിലവിലെ തൊഴിൽ സംസ്‌കാരം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് വർക്ക് നിയർഹോം പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ദീർഘമായ യാത്രകളും തൊഴിൽ ഇടവേളകളുമാണ്. പല ഐടി പ്രൊഫഷണലുകൾക്കും, നഗര കേന്ദ്രങ്ങളിലേക്കുള്ള ദൈനംദിന യാത്രാക്ലേശം ഒരു പ്രധാന തടസ്സമാകുന്നുണ്ട്. ഇത് സമയനഷ്ടത്തിനും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. കൊട്ടാരക്കര പോലുള്ള ചെറിയ പട്ടണങ്ങളിൽ ഈ കാമ്പസുകൾ സ്ഥാപിക്കുന്നതിലൂടെ, യാത്രാ സമ്മർദം കുറയ്ക്കുകയും ജോലി ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രായോഗിക പരിഹാരം സർക്കാർ വാഗ്ദാനം ചെയ്യുന്നു. വർക്ക് നിയർ ഹോം ഹബ്ബിൽ ആധുനിക ഇൻഫ്രാസ്ട്രക്ചറും അത്യാധുനിക സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിലൂടെ നവീനമായ തൊഴിൽസാധ്യതകളിലേക്ക് സമൂഹത്തെ പരിപോഷിപ്പിക്കാൻ സാധിക്കുന്നു. ചെറുപട്ടണങ്ങളെ തിരക്കേറിയ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക എന്നതിലുപരി പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
കരിയർ ബ്രേക്കുകൾ സംഭവിച്ച സ്ത്രീകൾക്ക് തൊഴിമേഖലയിൽ വീണ്ടും പ്രവേശിക്കുന്നത്തിനു നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ വർക്ക് നിയർ ഹോം പദ്ധതിയിൽ ഇത്തരം സ്ത്രീകൾക്ക് പ്രത്യേക പ്രാധാന്യ നൽകുന്നു. താമസസ്ഥലത്തിന് സമീപം വർക്ക് നിയർ ഹോം കാമ്പസുകൾ സ്ഥാപിക്കുന്നതിലൂടെ, ദീർഘദൂര യാത്രകളുടെ അധിക സമ്മർദ്ദമില്ലാതെ കരിയർ പുനരാരംഭിക്കുന്നത് പദ്ധതി സഹായകമാവും. വൈവിധ്യമാർന്ന തൊഴിലുടകളിൽ ഏർപ്പെടുന്ന തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും, തൊഴിലാവശ്യങ്ങൾ അംഗീകരിക്കുന്നതിനുമുള്ള സമഗ്ര സംവിധാനമായി വർക്ക് നിയർ ഹോം പദ്ധതി നിലകൊള്ളും.
മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് വീടിന് അടുത്തിരുന്ന് തൊഴിൽ ചെയ്യാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നത്. സമഗ്ര വികസനം നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഏതു മേഖലയിലും തൊഴിൽ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വർക് നിയർ ഹോം പദ്ധതി വഴിയൊരുക്കും.