Meet the Creator 24' National Design Festival Kicks Off Endless Possibilities in Design

‘മീറ്റ് ദി ക്രിയേറ്റർ 24’ദേശീയ ഡിസൈൻ ഫെസ്റ്റിവലിന് തുടക്കമായി ഡിസൈൻ മേഖലയിൽ അനന്തസാധ്യതകൾ

സ്വദേശത്തും വിദേശത്തും ഡിസൈൻ മേഖലയിൽ അനന്തസാധ്യതകളാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ എസ് ഐ ഡി) ആതിഥേയത്വം വഹിക്കുന്ന ”മീറ്റ് ദി ക്രിയേറ്റർ 24”ദേശീയ ഡിസൈൻ ഫെസ്റ്റിവൽ ആശ്രാമം ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്‌സിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദൈനംദിന ജീവിതത്തിലെ സമഗ്ര മേഖലകളിലും ഡിസൈനുകൾ ഉൾപ്പെടുന്നു. കലാസാംസ്‌കാരിക മേഖലകൾക്ക് പുറമെ ഭവന നിർമ്മാണം, റോഡ്, പാലം, കെട്ടിടം നിർമ്മാണം മുതൽ ആഭരണ നിർമ്മാണത്തിൽ വരെ ഡിസൈനുകൾ പ്രധാന പങ്കുവഹിക്കുന്നു. കാലോചിതമായ സാങ്കേതികവിദ്യകളുടെ സാധ്യതകളും ഡിസൈൻ വിദ്യാഭ്യാസത്തെ വളർത്തുന്നു. പഠിച്ച കാര്യങ്ങൾ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന ഇടം കൂടിയാണിത്. അതേസമയം പരിസ്ഥിതി സൗഹൃദവും പുനചക്രമണത്തിനും സാധ്യതയുള്ള രൂപകല്പനകൾക്ക് പ്രാധാന്യം നൽകണമെന്നും കേരളത്തിലെ തനത് മാതൃകകൾ അവതരിപ്പിക്കുന്ന രീതികൾ വികസിപ്പിക്കാൻ കഴിയുന്ന വേദിയായി ദേശീയ ഫെസ്റ്റ് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഡിസൈൻ മേഖലയിൽ മികച്ച പ്രൊഫഷനുകളെ സൃഷ്ടിക്കുമെന്നും ഇവരെ സംസ്ഥാനത്തെ വികസന പ്രക്രിയയിലും പങ്കാളികളാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ എം മുകേഷ് എം.എൽ.എ അധ്യക്ഷനായി. വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ ഇലക്റ്റ് പ്രസിഡന്റ് ഡോ. പ്രത്യുമ്‌ന വ്യാസിനെ ആദരിച്ചു. കേരള ടൂറിസം സെക്രട്ടറി കെ ബിജു വർക്ക് ഷോപ്പ് ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ഐ ഡി പ്രിൻസിപ്പൽ ഡോ കെ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഡിസംബർ 19 വരെയാണ് ഫെസ്റ്റ് നടക്കുക. വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും ‘ഡിസൈൻ അഭിരുചി’ പ്രോത്സാഹിപ്പിക്കുക, ഡിസൈൻ ഒരു തൊഴിൽ മേഖല മാത്രമല്ല, ചിന്താധാര കൂടിയാണ് എന്ന ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മീറ്റ് ദി ക്രിയേറ്റർ 24 സംഘടിപ്പിക്കുന്നത്.