Statistics now at your fingertips; Department of Economic Statistics with 'AIDEA' application

സ്ഥിതിവിവരക്കണക്കുകൾ ഇനി വിരൽത്തുമ്പിൽ; ‘AIDEA’ ആപ്ലിക്കേഷനുമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്

സംസ്ഥാനത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനു വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (DUK) വികസിപ്പിച്ച പുതിയ മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ പ്രവർത്തനസജ്ജമായി. ‘ആപ്ലിക്കേഷൻ ഫോർ ഇന്റലിജന്റ് ഡാറ്റ എൻജിനീയറിംഗ് ആൻഡ് അനലിറ്റിക്സ്’ (Application for Intelligent Data Engineering and Analytics – AIDEA) എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന സംവിധാനം സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരും. www.aidea.kerala.gov.in എന്ന വെബ് വിലാസത്തിലും AIDEA എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഈ സേവനങ്ങൾ ലഭ്യമാകും.

സംസ്ഥാനത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസി എന്ന നിലയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ സർവേകൾ, ഡാറ്റാ ശേഖരണ പ്രക്രിയകൾ എന്നിവ ഇനി മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ സുഗമമായി നടപ്പിലാക്കാൻ സാധിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരശേഖരണത്തിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം ആസൂത്രണത്തിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ വേഗത്തിൽ ലഭ്യമാക്കാനും ഈ സംവിധാനം വഴിയൊരുക്കും. ഫീൽഡ് തലത്തിൽ ശേഖരിക്കുന്ന ഡാറ്റയുടെ തത്സമയ മോണിറ്ററിംഗും റിപ്പോർട്ട് തയ്യാറാക്കലും ലളിതമാക്കുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനക്ഷമത വർദ്ധിക്കും.

പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ കാർഷിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനുള്ള ഇ.എ.ആർ.എ.എസ് (EARAS) മൊഡ്യൂളാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കുന്ന കാർഷിക സർവേയുടെ ഫീൽഡ് തലത്തിലുള്ള വിവരങ്ങൾ ഇനി മുതൽ മൊബൈൽ ആപ്ലിക്കേഷൻ വഴി നേരിട്ട് ശേഖരിക്കാം. വെബ് പോർട്ടൽ വഴി ഇവ നിരീക്ഷിക്കാനും കൃത്യമായ റിപ്പോർട്ടുകൾ തത്സമയം തയ്യാറാക്കാനും സാധിക്കും. ഭാവിയിൽ വകുപ്പ് ദൈനംദിനം ശേഖരിക്കുന്ന വിവിധ സാധനങ്ങളുടെ കമ്പോള വിലനിലവാരം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അനലിറ്റിക്സ് സഹിതം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക മൊഡ്യൂളും AIDEA ആപ്ലിക്കേഷന്റെ ഭാഗമായി വികസിപ്പിക്കും.