2020-2022 കാലയളവിൽ 12,200 കോടി രൂപ പദ്ധതി പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.
—
സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കി വികസിത കേരളം എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് കിഫ്ബി (Kerala Infrastructure Investment Fund Board). നൂതനവും സമാനതകളുമില്ലാത്ത മാതൃകയിലാണ് സംസ്ഥാന വികസനത്തിനായി കിഫ്ബി വിഭവസമാഹരണം ആസൂത്രണം ചെയ്തത്. സാമ്പത്തിക സമാഹരണത്തിനൊപ്പം പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നതും കിഫ്ബിയുടെ ലക്ഷ്യങ്ങളാണ്.
കുടിവെളളം, ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, കോളജുകള്‍, റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി, മാലിന്യ സംസ്കരണം, വ്യവസായപാര്‍ക്കുകള്‍, സാംസ്കാരിക സമുച്ചയങ്ങള്‍, ആശയവിനിമയ ശൃംഖല തുടങ്ങി ജനജീവിതത്തിന്റെ ഭൗതിക, സാമൂഹിക വികസന മേഖലകളിലാണ് കിഫ്ബി പദ്ധതികള്‍ പ്രാവര്ത്തികമാക്കികൊണ്ടിരിക്കുന്നത്. കിഫ്ബി വഴി നാളിതുവരെ 70,762 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതുവരെ 17200 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചു കഴിഞ്ഞു.
2019ല്‍ അന്താഷ്ട്ര വിപണിയില്‍ മസാല ബോണ്ടിറക്കിയ രാജ്യത്തെ ആദ്യ സബ് സോവറിൻ എന്റിറ്റി ആയി കിഫ്ബി മാറി. ഇതുവഴി രാജ്യാനന്തര വിപണയില്‍ കിഫ്ബി വിശ്വാസ്യത നേടിയെടുത്തതോടെ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളാണ് കിഫ്ബിക്ക് പണം കടം തരാന്മുന്നോട്ട് വരുന്നത്. 2021 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതികള്‍ക്കായുള്ള ധനവിനിയോഗം കൂടതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കിടെ 2020 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ 12,200 കോടി രൂപയാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്.
പൊതുമരാമത്ത് വകുപ്പ് വഴി റോഡ് വികസനത്തിനാണ് കിഫ്ബി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത്. 419 പദ്ധതികള്‍ക്കായി 22,812 കോടി രൂപ. രണ്ടാം സ്ഥാനത്ത് പൊതുവിദ്യാഭ്യാസമാണ്. 142 പദ്ധതികള്‍ക്കായി 2,872 കോടി രൂപ. ആരോഗ്യ രംഗത്തെ 65 പദ്ധതികള്‍ക്ക് 4,881 കോടി, ജലവിഭവ വകുപ്പിന് 5,876 കോടി, ഉന്നതവിദ്യാഭ്യാസരംഗത്തെ മോടിപിടിപ്പിക്കാന്‍ 1,100 കോടി, ഐടി വിഭാഗത്തിന് 1413 കോടി, മത്സ്യ-തുറമുഖ വകുപ്പിന് 506 കോടി, കായിക-യുവജനക്ഷേമത്തിന് 778 കോടി, വൈദ്യുതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 5200 കോടി, തദ്ദേശ സ്വയംഭരണ വകുപ്പിന് 607 കോടി, സാംസ്കാരിക വകുപ്പിന് 462 കോടി, ദേവസ്വത്തിന് 130 കോടി, വനം വകുപ്പിന് 459 കോടി, വിനോദസഞ്ചാര വകുപ്പിന് 337 കോടി, ഗതാഗതം സൗകര്യ വികസനത്തിന് 601 കോടി, ആഭ്യന്തര വകുപ്പിന് 220 കോടി, വ്യവസായ വകുപ്പിന് 62 കോടി, തൊഴില്‍ നൈപുണ്യ വകുപ്പിന് 85 കോടി, രജിസ്ട്രേഷന് വകുപ്പിന് 89 കോടി, റവന്യു വകുപ്പിന് 33 കോടി, കൃഷിക്ക് 21 കോടി, ആയുഷ് 183 കോടി, പിന്നാക്കവിഭാഗ വികസനത്തിന് 18 കോടി, പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി 182 കോടി, എന്നിങ്ങനെയാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി പണം അനുവദിച്ചിരിക്കുന്നത്. വിവിധ ഭൂമി ഏറ്റെടുക്കൽ സംബന്ധ ആവശ്യങ്ങൾക്ക് 20,000 കോടിയും വകയിരുത്തിയിട്ടുണ്ട്.
1999ൽ കിഫ്ബിക്ക് രൂപം കൊടുത്തെങ്കിലും 2016 ലാണ് ഭേദഗതി ആക്ടിലൂടെ കിഫ്ബിയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചിത്രം മാറ്റിവരയ്ക്കുന്നതിന് തീരുമാനം എടുത്തത്. വികസന വിപ്ലവം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് കേരളത്തിന്റെ നെടുംതൂണാകുകയാണ് കിഫ്ബി.